Connect with us

Kerala

കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് ? കേരള യാത്രക്കിടെ സര്‍വമത പ്രാര്‍ഥന യജ്ഞം സംഘടിപ്പിച്ച് ജോസഫ്

Published

|

Last Updated

കോട്ടയം: ഭിന്നത രൂക്ഷമായതോടെ കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് നീങ്ങുമോയെന്ന ആകാംഷയില്‍ രാഷ്ടീയ കേരളം. ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെ പാര്‍ട്ടിയിലെ ഭിന്നത പരസ്യമാക്കി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് രംഗത്തെത്തിയതോടെയാണ് പിളര്‍പ്പിനുള്ള സാഹചര്യം പാര്‍ട്ടിയില്‍ ഉടലെടുത്തത്. വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള യാത്ര നടക്കുന്നതിനിടെ ജോസഫ് തിരുവനന്തപുരത്ത് സര്‍വമത പ്രാര്‍ഥന യജ്ഞം സംഘടിപ്പിച്ചത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. പിജെ ജോസഫ് ചെയര്‍മാനായ ഗാന്ധി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മറ്റന്നാള്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രാര്‍ഥനാ യജ്ഞം.

വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് കേരളാ യാത്ര സംഘടിപ്പിച്ചതെന്ന് ജോസഫ് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിരുന്നു. കേരളാ കോണ്‍ഗ്രസുകള്‍ ലയിച്ചിട്ടും അര്‍ഹമായ പ്രാതിനിധ്യം കിട്ടിയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ജോസ് കെ മാണിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള മാണി വിഭാഗത്തിന്റ നീക്കമാണോ യാത്രയെന്ന ചോദ്യത്തിന് കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ കിട്ടണമെന്നായിരുന്നു മറുപടി. ജനാധിപത്യ കേരള കോണ്‍ഗ്രസടക്കം പുറത്തുള്ള കേരള കോണ്‍ഗ്രസ് ഘടകങ്ങളുമായി കൈകോര്‍ക്കുമോയെന്ന ചോദ്യത്തിന് കേരള കോണ്‍ഗ്രസുകാര്‍ ലയിക്കുക പതിവാണന്നും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജോസഫ് മറുപടി നല്‍കി. തന്റെ വിമര്‍ശനം ഇന്ന് അല്‍പം മയപ്പെടുത്തിയ ജോസഫ് കേരളാ യാത്രക്കെതിരെ തനിക്ക് ഒരു പരാതിയും ഇല്ലെന്നും ചിലര്‍ക്ക് പരാതിയുണ്ടെന്നാണ് പറഞ്ഞതെന്നും ഇതിനെ തന്റെ പരാതിയായി വ്യാഖ്യാനിക്കേണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ഇതേസമയം, കേരളാ കോണ്‍ഗ്രസിില്‍ ഭിന്നതയില്ലെന്നും പാര്‍ട്ടി തീരുമാനപ്രകാരമാണ് ജോസ് കെ മാണിയുടെ കേരളാ യാത്രയെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. കേരള യാത്ര ഉദ്ഘാടനം ചെയ്തത് പി ജെ ജോസഫാണ്. ജോസഫ് ഭിന്നാഭിപ്രായം പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടില്ല. ലയനത്തിന്റെ ഗുണം തനിക്കും കിട്ടിയിട്ടില്ല. നൂറു ശതമാനം മാര്‍ക്ക് പ്രതീക്ഷിച്ചെങ്കിലും തൊണ്ണൂറ് ശതമാനമാണ് കിട്ടിയെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു രണ്ട് സീറ്റിന് അര്‍ഹതയുണ്ട്. രണ്ട് സീറ്റ് വേണമെന്നു പി.ജെ. ജോസഫ് പറഞ്ഞതില്‍ തെറ്റില്ല. ഏതെങ്കിലും സീറ്റല്ല, മറിച്ച് ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റ് വേണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയോട് രണ്ട് സീറ്റെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചുവെന്നാണ് വിവരം.

---- facebook comment plugin here -----

Latest