രാഹുലിനെ കാണാന്‍ ആസിമെത്തി; ആവശ്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടത് ചെയ്യുമെന്ന് ഉറപ്പ്

Posted on: January 29, 2019 5:50 pm | Last updated: January 30, 2019 at 9:31 am

കൊച്ചി: കോഴിക്കോട് ഓമശ്ശേരി സ്വദേശിയും അംഗപരിമിതനുമായ മുഹമ്മദ് ആസിം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാനെത്തി. തന്റെ മുടങ്ങിയ വിദ്യാഭ്യാസം തുടരാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് 12കാരനായ ആസിം കോണ്‍ഗ്രസ് അധ്യക്ഷനെ കാണാനെത്തിയത്.

കൊച്ചിയിലെത്തിയ രാഹുല്‍ അന്തരിച്ച എംഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കുന്ന വേളയിലാണ് ആസിം നേരിട്ട് കണ്ടത്. സര്‍ക്കാറിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാര ജേതാവ് കൂടിയായ ആസിം പഠനം നിലച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിലെത്തിയിരുന്നു. ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കോട് ആസിം 90 ശതമാനം വികലാംഗനാണ്. വെളിമണ്ണ എല്‍.പി സ്‌കൂളിലായിരുന്നു ആസിം പഠിച്ചിരുന്നത്. എല്‍.പി കഴിഞ്ഞതോടെ ആസിമിന്റെ പഠനസൗകര്യാര്‍ഥം കഴിഞ്ഞ സര്‍ക്കാര്‍ സ്‌കൂള്‍ യു.പിയായി ഉയര്‍ത്തി. യു.പി കഴിഞ്ഞതോടെ തുടര്‍ പഠനത്തിന് ദൂരെ പോകാനുള്ള ബുദ്ധിമുട്ട് കാരണം സ്‌കൂളിനെ െൈഹസ്‌കൂളാക്കി ഉയര്‍ത്താന്‍ അപേക്ഷ നല്‍കി.

സര്‍ക്കാര്‍ കൈയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഹൈകോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായി. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആസിം കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്റെ മുന്നില്‍ തന്റെ ആവശ്യവുമായി എത്തിയത്. ആവശ്യങ്ങള്‍ വിശദമായി കേട്ട രാഹുല്‍ ആസിമിന്റെ ആവശ്യം നടപ്പിലാക്കാന്‍ വേണ്ടിയ കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കി. ആസിമുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് രാഹുല്‍ പിന്നീട് ഫേസ്ബുക്കിലും കുറിച്ചു.