മോദി രാജ്യത്തെ രണ്ടായി വിഭജിക്കാന്‍ ശ്രമിക്കുന്നു; പ്രധാനമന്ത്രി അഴിമതിക്കാരന്‍: രാഹുല്‍ ഗാന്ധി

Posted on: January 29, 2019 5:27 pm | Last updated: January 30, 2019 at 9:31 am

കൊച്ചി: നരേന്ദ്ര മോദി രാജ്യത്തെ രണ്ടാക്കി വേര്‍തിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്കും മറ്റൊന്നു പണക്കാര്‍ക്കും വേണ്ടിയാണത്. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ അവസരം നല്‍കും. അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസ്സാക്കും. മോദി ഇന്ത്യയുടെ അഞ്ച് വര്‍ഷം പാഴാക്കി. കര്‍ഷകരെ ദ്രോഹിക്കുന്ന നയമാണ് മോദിയുടേത്.

മൂന്നരലക്ഷം കോടി രൂപ 15 ഓളം വരുന്ന അദ്ദേഹത്തിന്റെ ബിസിനസ് സുഹൃത്തുക്കള്‍ക്കായി ചെലവാക്കി. ഒരു രൂപ പോലും പാവങ്ങള്‍ക്കു വേണ്ടി നല്‍കിയില്ല. ഭൂമിയേറ്റെടുക്കല്‍ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ മോദി ശ്രമിച്ചെന്നും രാഹുല്‍ ആരോപിച്ചു.

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. താത്ക്കാലിക ലാഭമുണ്ടാക്കുകയെന്നതു കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല. നാട്ടില്‍ പട്ടിണികൊണ്ട് ബുദ്ധിമുട്ടിയ ജനങ്ങളുണ്ടായിരുന്നു. അവര്‍ക്കു ഹരിത വിപ്ലവം നടത്തി ഭക്ഷണം കൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഒരു ദശാബ്ദത്തിലടക്കം ഇന്ത്യ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കും. അഞ്ച് വര്‍ഷം എടുത്ത് പ്രധാനമന്ത്രി രാജ്യത്തിന്റെ സമയം നശിപ്പിക്കുകയായിരുന്നു. ജോലി ആഗ്രഹിക്കുന്ന യുവാക്കളുടെ അവസരങ്ങള്‍ തട്ടിമാറ്റിക്കൊണ്ടാണ് അംബാനിക്കു മോദി അവസരം ഒരുക്കിയത്. പിണറായി സര്‍ക്കാര്‍ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ഒന്നും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.