Connect with us

Gulf

ആര്‍ ടി എ ദുബൈ-മസ്‌കത്ത്- ദുബൈ ബസ് സര്‍വീസ് തുടങ്ങി; യു എ ഇ ഒമാന്‍ റോഡ് ഗതാഗതത്തില്‍ വഴിത്തിരിവ്

Published

|

Last Updated

ദുബൈ: ദുബൈക്കും മസ്‌കത്തിനും ഇടയില്‍ ആര്‍ ടി എ ബസ് സര്‍വീസ് ആരംഭിച്ചു. ആറ് മണിക്കൂര്‍ കൊണ്ട് ദുബൈയില്‍ നിന്നും മസ്‌കത്തില്‍ എത്താം. തിരിച്ചും ഇതേ സമയം മതി. ആര്‍ ടി എയുടെ മസ്‌കത്ത് ഇന്റര്‍ സിറ്റി ബസ് സര്‍വീസ് പ്രധാനപ്പെട്ട വഴിത്തിരിവാണെന്ന് ആര്‍ ടി എ പൊതു ഗതാഗത വിഭാഗം മേധാവി അഹ്മദ് ബഹ്റൂസിയന്‍ സിറാജിനോട് പറഞ്ഞു. ഇതോടെ, രണ്ടു സഹോദര രാജ്യങ്ങള്‍ക്കിടയില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും. ദിവസം മൂന്നു നേരമാണ് ദുബൈയില്‍ നിന്ന് മസ്‌കത്തിലേക്കും തിരിച്ചും ബസ് ഉണ്ടാവുക. വൈഫൈ അടക്കം ആധുനിക സജ്ജീകരണങ്ങള്‍ ബസില്‍ ഏര്‍പ്പെടുത്തും. ദുബൈയില്‍ അബുഹൈല്‍ മെട്രോക്ക് സമീപത്തു നിന്നാണ് പുറപ്പെടുക. രാവിലെ 7.30, ഉച്ച കഴിഞ്ഞു 3.30, രാത്രി 11 എന്നിങ്ങനെ മൂന്നു ബസ് ഉണ്ടാകും ദുബൈയില്‍ എയര്‍പോര്‍ട് ടെര്‍മിനല്‍, റാശിദിയ, ഒമാനില്‍ വജാജ അതിര്‍ത്തി, ഷിനാസ്, സൊഹാര്‍, സഹം, ഖബൂറ, ശുവൈഖ്, മുസന, ബര്‍ക്ക, മാബീല, സഹ്വ, മസ്‌കത്ത് വിമാനത്താവളം, ആതിബ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ബസ് നിര്‍ത്തും. 55 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. റിട്ടേണ്‍ ടിക്കറ്റിന് 90 ദിര്‍ഹമാണെന്നും അഹ്മദ് അറിയിച്ചു.

ഒമാന്‍ യു എ ഇ ഗതാഗത ബന്ധത്തില്‍ പ്രധാനപ്പെട്ട അധ്യായമാണിതെന്നു ഒമാനിലെ പൊതു ഗതാഗത സംവിധാനമായ മുവാസലാത് സി ഇ ഒ അഹ്മദ് അല്‍ ബലൂഷി പറഞ്ഞു. ഒമാനിലെ മസ്‌കത് ആതിബ സ്റ്റേഷനില്‍ നിന്ന് എല്ലാ ദിവസവും രാവിലെ 6.20, ഉച്ച കഴിഞ്ഞു 3.20, രാത്രി 11.20 എന്നീ സമയങ്ങളില്‍ ബസ് ദുബൈയിലേക്ക് പുറപ്പെടും. മസ്‌കത്ത് വിമാനത്താവളം, സഹ്വ ടവര്‍, മാബീല ഓഫിസ് തുടങ്ങി 11 സ്ഥലങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകുമെന്നും ബലൂഷി അറിയിച്ചു. ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അഹ്മദിനൊപ്പം ബലൂഷി പങ്കെടുത്തു.

ഓരോ ബസിലും 50 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. കൗണ്ടറില്‍ നിന്നാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്. താമസിയാതെ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഒമാന്റെ മുവാസലാത്ത് ബസ് സര്‍വീസ് നേരത്തെ ഉണ്ടായിരുന്നു. സ്വകാര്യ ബ സുകളും സര്‍വീസ് നടത്തുന്നു. ഇപ്പോള്‍ ആര്‍ ടി എകൂടി പങ്കാളികളാവുകയാണ്. പുതിയ ബസുകളാണ് രംഗത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ സ്റ്റോപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തു. റാശിദിയ മെട്രോ സ്റ്റേഷനില്‍ ആണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഒമാനില്‍ നിന്ന് “മുവാസലാത്ത്” പ്രതിനിധി സംഘം എത്തിയിരുന്നു.