കേരളത്തിലെത്തിയ രാഹുല്‍ ആദ്യം പോയത് എംഐ ഷാനവാസിന്റെ കുടുംബത്തെ കാണാന്‍

Posted on: January 29, 2019 4:23 pm | Last updated: January 29, 2019 at 9:06 pm

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കൊച്ചിയിലെത്തിയ അദ്ദേഹം അന്തരിച്ച എംപിയും കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. വിമാനത്താവളത്തില്‍ നിന്ന് നേരെ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ വീട്ടിലേക്ക് പോയ രാഹുല്‍ ഗാന്ധി ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം 10 മിനിറ്റ് ചെലവഴിച്ചു. ഷാനവാസിന്റെ ഭാര്യ ജുബൈറിയത്ത് ബീഗം, മക്കളായ അമീന ഷാനവാസ്, ഹസീബ് ഷാനവാസ്, മരുമകള്‍ ടെസ്‌ന, കൊച്ചുമകള്‍ അയിഷ എന്നിവരുമായി രാഹുല്‍ സംസാരിച്ചു.

മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുകുള്‍ വാസ്‌നിക്, ശശി തരൂര്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ എംപി തുടങ്ങിയര്‍ രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. രാഹുലിനെക്കാണാന്‍ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.