രാഹുല്‍ ഗാന്ധി കേരളത്തില്‍-LIVE

Posted on: January 29, 2019 3:06 pm | Last updated: January 29, 2019 at 5:30 pm


കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഉച്ചയോടെയാണ് പ്രത്യേക വിമാനത്തില്‍ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ എംപി തുടങ്ങിയ കോണ്‍ഗ്രസ് പ്രമുഖര്‍ രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. രാഹുലിനെക്കാണാന്‍ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലുണ്ടായിരുന്നു.

അന്തരിച്ച എംപിയും കോണ്‍ഗ്രസ് നേതാവുമായ എംഐ ഷാനവാസിന്റെ വീട്ടിലേക്കാണ് രാഹുല്‍ ഗാന്ധി ആദ്യം പോയത്. വീട്ടില്‍ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റി അധ്യക്ഷന്‍മാരുടെ നേതൃയോഗത്തില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സംവിധാനത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ രാഹുല്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും. ലോക്‌സഭാ സീറ്റ് സംബന്ധിച്ച് അവകാശവാദങ്ങളുന്നയിക്കുന്ന കേരള കോണ്‍ഗ്രസ് , മുസ്്‌ലിം ലീഗ് നേതാക്കളുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. രാഹുലിന്റെ വരവോടെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുലിന്റെ ഇടപെടല്‍ ഏറെ സ്വാധീനം ചെലുത്തിയേക്കും. സിറ്റിങ്ങ് എംപിമാര്‍ വീണ്ടും മത്സരിക്കണൊ പുതുമുഖങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സംസ്ഥാന നേതൃത്വം രാഹുലുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.