രാമക്ഷേത്രത്തിനായി രാം ജന്മഭൂമി ന്യാസിന് ഭൂമി വിട്ട് നല്‍കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Posted on: January 29, 2019 11:28 am | Last updated: January 29, 2019 at 12:35 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വീണ്ടും സജീവമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തര്‍ക്കമന്ദിരത്തിന് സമീപത്തുള്ള ഭൂമി വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള രാം ജന്മഭൂമി ന്യാസിന് വിട്ടുകൊടുക്കാന്‍ അനുവാദം തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. 1992ല്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താകെ തല്‍സ്ഥി തുടരാന്‍ സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഭൂമി വിട്ട് നല്‍കണമെന്ന ആവശ്യം കേന്ദ്രം മുന്നോട്ട് വെച്ചിരിക്കുന്നത്.

25 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനും സുപ്രീം കോടതി ഉത്തരവ് ബാധകമാണ്. ഇതില്‍ 2.7 ഏക്കര്‍ സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. എന്നാല്‍ തര്‍ക്കമില്ലാത്ത അധിക ഭൂമിയെ ഇതില്‍നിന്നും ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ഹരജി. അതേ സമയം 67 ഏക്കറും തര്‍ക്കം കഴിയുന്നത് വരെ ആര്‍ക്കും കൈമാറരുതെന്നും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകണമെന്നും സുപ്രീം കോടതിയുടെ നേരത്തെയുള്ള ഉത്തരവിലുണ്ട്. 2011ലും സുപ്രീം കോടതി ഇത് ആവര്‍ത്തിച്ചതാണ്. കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് ഭൂമി വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്.