സമ്പത്തിന്റെ കേന്ദ്രീകരണവും രാഷ്ട്രീയ കുഴപ്പവും

Posted on: January 29, 2019 8:45 am | Last updated: January 28, 2019 at 9:46 pm

ന്ത്യാ മഹാരാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു താനൊരു സോഷ്യലിസ്റ്റാണെന്ന് പ്രഖ്യാപിച്ച ആളാണ്. സോവിയന്റ് റഷ്യയിലെ ഒക്‌ടോബര്‍ വിപ്ലവത്തെ പ്രശംസിച്ചുകൊണ്ട് ആദ്ദേഹം എഴുതുകയും പ്രസംഗിക്കുകുയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണം സമൂഹിക സമത്വം ലക്ഷ്യമായി ആംഗീകരിക്കുകയും ചെയ്തിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളായ ഇന്ദിരാഗാന്ധി ആകട്ടെ രാജ്യത്തെ ഭരണഘടനപരമായി തന്നെ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി പ്രഖ്യാപിക്കാനും തയ്യാറാവുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഈ പ്രഖ്യാപനങ്ങള്‍ക്കൊന്നും രാജ്യത്തെ ഭരണകൂടവും ഭരണാധികാരികളും ഒരുവിലയും കല്‍പ്പിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇവിടെ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വവും സമ്പത്തിന്റെ സിംഹഭാഗവും എതാനും കുത്തകകളുടെ കൈയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതും.

ഇന്ത്യയില്‍ സാമ്പത്തിക വികസനം ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍, സാമ്പത്തിക രംഗത്തെ ഈ വികസനമാകെ എതാനും വ്യക്തികളുടെ കൈകളില്‍ മാത്രമായി അമരുന്ന ചിത്രമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. രാജ്യത്തെ സാധാരണക്കാരായ മഹാ ഭൂരിപക്ഷവും ഈ വികസനത്തിന്റെ പൊതു ധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. വികസനത്തിന്റെ ഒരു പങ്കും മഹാഭൂരിപക്ഷം വരുന്ന ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ഇവര്‍ കൂടുതല്‍ ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക ഉച്ചകോടിയില്‍ ഓക്‌സ്‌ഫോം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് ഇന്ത്യന്‍ സാമ്പത്തിക മേഖലയിലെ ഏറ്റവും പരിതാപകരമായ സ്ഥിതി വിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 77.4 ശതമാനം രാജ്യത്തെ 10 ശതമാനം അതി സമ്പന്നരുടെ കൈകളിലാണെന്ന് ഓക്‌സ്ഫാമിന്റെ ഈ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ 51.53 ശതമാനത്തോളം സമ്പത്ത് ഒരു ശതമാനം അതിസമ്പന്നരുടെ കൈകളിലാണെന്നും ഒമ്പത് ശതകോടിശ്വരന്മാരുടെ സമ്പത്ത് താഴെതട്ടിലുള്ള 50 ശതമാനം ജനസംഖ്യയുടെ സമ്പത്തിന് തുല്യമാണെന്നും ഈ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഓക്‌സ്‌ഫോം.

ഇന്ത്യയുടെ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന 60 ശതമാനത്തിന്റെ കൈകളില്‍ രാഷ്ട്രസമ്പത്തിന്റെ വെറും 4.8 ശതമാനം മാത്രമാണുള്ളത്. രാജ്യത്ത് വര്‍ധിച്ച് വരുന്ന സാമ്പത്തിക അസമത്വത്തിന്റെ അപകടകരമായ അവസ്ഥയാണിതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉയര്‍ന്ന ഈ സാമ്പത്തിക അസമത്വം ജനാധിപത്യത്തിന് വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ടില്‍ ഓക്‌സ്‌ഫോം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇന്ത്യന്‍ ശതകോ ടിശ്വരന്മാരുടെ സമ്പത്തില്‍ 2018ല്‍ പ്രതിദിനം ശരാശരി 2200 കോടി വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ഓക്‌സ്‌ഫോമിന്റെ കണ്ടെത്തല്‍. രാജ്യത്തെ ഒരു ശതമാനം അതി സമ്പന്നരുടെ സമ്പത്തില്‍ 39 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, രാജ്യത്തെ ദരിദ്രരുടെ പട്ടികയിലുള്ളവരുടെ സമ്പത്തില്‍ വെറും മൂന്ന് ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 13.6 കോടി ജനങ്ങള്‍ 2004 മുതല്‍ 15 വര്‍ഷമായി വന്‍കടത്തില്‍ തന്നെ തുടരുന്നതായും ഓക്‌സ്‌ഫോമിന്റെ പഠനം വ്യക്തമാക്കുന്നുണ്ട്. 2018 നും 2019നും ഇടയില്‍ 70 പുതിയ മില്യണേയര്‍മാരാണ് ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മില്യണേയര്‍മാരുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 18 പേരെയാണ് ഇന്ത്യ കൂട്ടിച്ചേര്‍ത്തത്. ഇതോടെ രാജ്യത്തെ മില്യണേയര്‍മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടി രൂപയാണ് ഇവരുടെ മൊത്തം സമ്പത്ത്. ലോക ജനസംഖ്യയില്‍ പകുതിയോളം വരുന്ന ദരിദ്രജനവിഭാഗത്തിന്റെ സമ്പത്തില്‍ 11 ശതമാനം കഴിഞ്ഞ വര്‍ഷം ഇടിവ് ഉണ്ടായിട്ടുണ്ട്. വന്‍കിട കമ്പനികളും വ്യക്തികളും നികുതി നല്‍കാത്തതും ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ സേവനമേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം ചെലവഴിക്കാത്തതും, സാമ്പത്തിക അസന്തുലിതത്വം വര്‍ധിക്കാന്‍ ഇടയാകുന്നു. സ്ത്രീകളും കുട്ടികളുമാണ് സാമ്പത്തിക അസമത്വത്തിന്റെ ഇരകളെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ അടക്കമുള്ള മിക്കരാജ്യങ്ങളിലും ആരോഗ്യമേഖയിലെ മാറ്റങ്ങളും വിദ്യാഭ്യാസ മേഖലയിലെ പുരോഗമന പരമായ മാറ്റങ്ങളും ആഡംബരമായിട്ടാണ് കാണുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാവപ്പെട്ടവരും സമ്പന്നരും തമ്മിലുള്ള ഈ അന്തരം നികത്തുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് രാഷ്ട്രീയ ബിസിനസ് നേതൃത്വങ്ങളോട് ഓക്‌സ്ഫാം നിര്‍ദേശിച്ചിട്ടുണ്ട്. വര്‍ധിച്ചു വരുന്ന അസമത്വം ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടങ്ങളെ ദുര്‍ബലമാക്കുമെന്നും സമ്പദ്‌വ്യസ്ഥയുടെ തകര്‍ച്ചക്കും ലോക വ്യാപകമായ വലിയ ജനരോഷത്തിനും കാരണമാകുമെന്നും ഈ ഓക്‌സ്‌ഫോം റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു നേരത്തെ ആഹാരത്തിനും ചികിത്സക്കും കുട്ടികളുടെ പഠനത്തിനുമായി ഇന്ത്യയിലെ നല്ലൊരു വിഭാഗം പേര്‍ ബുദ്ധിമുട്ടുമ്പോള്‍ രാജ്യത്തെ സമ്പന്നരായ കുറച്ചുപേരുടെ സമ്പത്ത് കുന്നുകൂടുന്നത് ധാര്‍മികമായി അതിരുകടക്കുന്നുവെന്നും ഓക്‌സ്‌ഫോം ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബിയാനിമ പറഞ്ഞു. രാജ്യത്തിന്റെ സാമൂഹിക – ജനാധിപത്യ ഘടനയുടെ തകര്‍ച്ചക്ക് ഈ സാമ്പത്തിക അസന്തുലിതാവസ്ഥ കാരണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലുള്ള മികച്ച ആരോഗ്യപരിപാലന സംവിധാനവും ഉന്നത വിദ്യാഭ്യാസ സൗകര്യവും പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും മാത്രമുള്ളതാണ്. രാജ്യത്തെ ദരിദ്രകുടുംബങ്ങളിലെ കുട്ടികള്‍ ഒരു വയസ്സിന് മുമ്പ് മരിക്കുന്നത് ധനിക കുടുംബങ്ങളിലെ മരണനിരക്കിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുമേഖലക്കും കുടിവെള്ള വിതരണത്തിനും ഇന്ത്യ ഒരു വര്‍ഷം ചെലവാക്കുന്നത് 2,08,166 കോടി രൂപയാണ്. ഇത് മുകേഷ് അംബാനിയുടെ മൊത്തം സമ്പാദ്യത്തെക്കാള്‍ വളരെ കുറവാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഈ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നര്‍ അടക്കുന്ന ടാക്‌സിനെക്കാള്‍ അഞ്ച് ശതമാനം അധികമടച്ചാല്‍ സര്‍ക്കാര്‍ രാജ്യപുരോഗതിക്ക് ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം കണ്ടെത്താനാകുമെന്നും എടുത്തുപറയുന്നു. വരുമാനത്തിലും സ്വത്തിലും പെരുകുന്ന രാജ്യത്തെ അസമത്വവും സാമൂഹിക അസ്വസ്ഥതകളും കുറ്റകൃത്യങ്ങളും ഗണ്യമായി വര്‍ധിക്കാന്‍ നിശ്ചയമായും ഇടയാക്കും. സ്വത്തിന്റെ ഏറിയ പങ്കും ചുരുക്കം വ്യക്തികളില്‍ എത്തിച്ചേരുമ്പോള്‍ മറുവശത്ത് ദരിദ്രര്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും ഉറപ്പില്ലാത്ത സ്ഥിതിവിശേഷമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ അധീനതയിലാണ് ദേശീയ സമ്പത്തിന്റെ 51.53 ശതമാനമെന്നത് ഏറ്റവും ഗൗരവകരമായ സ്ഥിതി വിശേഷമാണ് ഇവിടെ ഉണ്ടാക്കയിരിക്കുന്നത്. ലോകത്തെ മറ്റൊരു രാജ്യത്തും ഇത്രയും ശോചനീയമായ സാഹചര്യം നിലവിലില്ല.

സാമ്പത്തിക അസമത്വത്തിന്റെ അളവായ ജിനി സൂചിക 2008 ല്‍ ഇന്ത്യയില്‍ 81.2 ശതമാനമായിരുന്നു. 10 വര്‍ഷത്തിന് ശേഷം ഇത് 85.4 ശതമാനമായി. സ്വത്തിന്റെ വിതരണതോത് മനസ്സിലാക്കാന്‍ ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍ കോറോഡോ ജിനി വികസിപ്പിച്ചെടുത്ത സൂചികയാണിത്. ജിനിസൂചിക പൂജ്യം ശതമാനമാണെങ്കില്‍ പൂര്‍ണസമത്വവും 100 ആണെങ്കില്‍ പൂര്‍ണ അസമത്വവുമാണ്. ഇന്ത്യയില്‍ ഇത് 85.4 ശതമാനമാണ്. ഇത്തരത്തില്‍ സാമ്പത്തിക അന്തരം ഗണ്യമായി വളരുന്നത് ഇന്ത്യയുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന സ്ഥിതി വിശേഷമായിരിക്കും സംജാതമാക്കുക.

രാജ്യത്തെ സമ്പത്താകെ ഒരു ന്യൂനപക്ഷത്തിന്റെ കൈയില്‍ കേന്ദ്രീകരിക്കപ്പെടുകയാണ്. മഹാഭൂരിപക്ഷം പട്ടിണിയിലേക്കും ജീവിത പ്രയാസങ്ങളിലേക്കും തള്ളിവിടപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ സമ്പത്താകെ കേന്ദ്രീകരിച്ചിരിക്കുന്നത് സമൂഹത്തിലെ ഒരു ചെറിയ വിഭാഗം വരുന്ന ഇവിടത്തെ മുന്നാക്ക വിഭാഗങ്ങളുടെ കൈകളിലാണെന്നുള്ളതും എടുത്തുപറയേണ്ടതായിട്ടുണ്ട്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന ദളിത് – പിന്നാക്ക – ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന 80 ശതമാനത്തിന് പുറത്തുവരുന്ന ജനവിഭാഗങ്ങള്‍ രാജ്യത്തെ സാമ്പത്തിക മേഖലയിലും കൂടുതല്‍ പിന്നോട്ടടിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മോദി ഭരണത്തിന്‍ കീഴില്‍ സമൂഹത്തിലെ മുന്നാക്ക വിഭാഗങ്ങളിലെ പ്രമാണിമാരുടെ കൈകളിലേക്കാണ് സമ്പത്താകെ കുന്നുകൂടിക്കൊണ്ടിരിക്കുന്നത്. ഇക്കൂട്ടര്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിന് പര്യാപ്തമായ നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദേശ സാത്കൃത ബേങ്കുകളിലെ വന്‍കിട കുത്തകകളുടെ കോടാനുകോടി രൂപയുടെ കടങ്ങള്‍ എഴുതി തള്ളല്‍ തുടങ്ങി ഇക്കൂട്ടര്‍ക്കനുകൂലമായ സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ എല്ലാം തന്നെ ഒരു വരേണ്യ വര്‍ഗത്തെ തടിച്ചുകൊഴുക്കുന്നതിനും എല്ലാ നിലയിലും രാജ്യത്തെ കൊള്ളയടിക്കുന്നതിനും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. മഹാഭൂരിപക്ഷം വരുന്ന ദരിദ്ര ജനകോടികള്‍ക്കിടയില്‍ ഈ വന്‍ സാമ്പത്തിക അസമത്വത്തിനെതിരായി ശക്തമായ പ്രതിഷേധം അലയടിച്ചുയരുകയുമാണ്. സാമ്പത്തിക അന്തരം കുറക്കുന്നതിനുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ രാജ്യത്തെ ഭരണകൂടം ബോധപൂര്‍വം അമാന്തിച്ചാല്‍ വലിയ തിരിച്ചടി ഈ ഭരണകൂടത്തിന് രാജ്യത്തെ ദരിദ്ര ജനകോടികളുടെ ഭാഗത്തു നിന്നും ലഭിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. സാമ്പത്തിക അസമത്വങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കും, ജനദ്രോഹഭരണത്തിനും എതിരായി ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ മോഡി സര്‍ക്കാറിനും ഒരു പാഠമാണ്.

ജി സുഗുണന്‍
(സി എം പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് ലേഖകന്‍)