കെ എസ് ആര്‍ ടി സിയില്‍ നിന്ന് ഒരു നല്ല വാര്‍ത്ത

Posted on: January 29, 2019 8:55 am | Last updated: January 28, 2019 at 9:36 pm

‘എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല’ എന്ന പ്രയോഗം കെ എസ് ആര്‍ ടി സിയുടെ കാര്യത്തില്‍ തത്കാലം മാറ്റിവെക്കാം. മോശം വാര്‍ത്തകള്‍ മാത്രം കേട്ടുകൊണ്ടിരുന്ന സ്ഥാപനത്തില്‍ നിന്ന് നല്ലൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ജീവനക്കാരുടെ ശമ്പളത്തിന് സര്‍ക്കാറിനെയും മറ്റും ആശ്രയിച്ചിരുന്ന സ്ഥാപനം ഈ മാസം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനൊരുങ്ങുന്നു. 25 വര്‍ഷത്തിനിടെ ആദ്യമായാണ് കെ എസ് ആര്‍ ടി സിക്ക് ഈ നേട്ടം. ശബരിമല സീസണില്‍ ഇത്തവണ ലഭിച്ച ഉയര്‍ന്ന വരുമാനവും ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കല്‍, അധിക ജീവനക്കാരുടെ പുനര്‍വിന്യാസം തുടങ്ങിയ പരിഷ്‌കരണ നടപടികളുമാണ് സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം നല്‍കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് കോര്‍പറേഷനെ എത്തിച്ചതെന്നാണ് മാനേജ്‌മെന്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

31,271 സ്ഥിരം ജീവനക്കാരും 3,926 താത്കാലിക ജീവനക്കാരുമാണ് കെ എസ് ആര്‍ ടി സിക്കുള്ളത്. 90 കോടി രൂപയാണ് ഇവരുടെ ശമ്പളത്തിന് മാസാന്തം കണ്ടെത്തേണ്ടത്. ശബരിമല സര്‍വീസില്‍ നിന്ന് മാത്രം സ്ഥാപനം ഈ വര്‍ഷം 45.2 കോടിയുടെ വരുമാനമുണ്ടാക്കി. മുന്‍ വര്‍ഷത്തേക്കാള്‍ 30 കോടി രൂപ അധികം വരുമിത്. ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കിയത് മൂലം മാസാന്തം 2.5 കോടിയുടെ ചെലവ് കുറക്കാനായി. മറ്റു ഡ്യൂട്ടിയിലുണ്ടായിരുന്ന 613 കണ്ടക്ടര്‍മാരെ സര്‍വീസ് ഓപറേഷന്‍സ് ഡ്യൂട്ടിക്ക് നിയോഗിച്ചതും വരുമാന വര്‍ധനവിന് സഹായകമായി. സ്ഥാപനത്തിലെ വെള്ളാനകളെ തുരത്തുന്നത് ഉള്‍പ്പെടെ പുതിയ എം ഡി ടോമിന്‍ തച്ചങ്കരി നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണിത്. ചില തൊഴിലാളി സംഘടനാ നേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് അദ്ദേഹം സ്ഥാപനത്തെ സാമ്പത്തികമായി മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കി വരുന്നത്. പണിയെടുക്കാതെ യൂനിയന്‍ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് പണി കൊടുത്തു കൊണ്ടാണ് അദ്ദേഹം പൊളിച്ചെഴുത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് സ്ഥാപനത്തിന് അധികബാധ്യത വരുത്തുന്ന ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കുകയും ജീവനക്കാര്‍ അധികമുള്ള മേഖലകളില്‍ നിന്നും കുറവുള്ള മേഖലകളിലേക്ക് പുനര്‍വിന്യസിക്കുകയും ചെയ്തു.

ഏറ്റവും ഒടുവിലായി കൃത്യമായ മാനദണ്ഡമില്ലാതെ നിയമിച്ചിരുന്ന ഇന്‍സ്‌പെക്ടര്‍, സൂപ്പര്‍വൈസര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍ വിഭാഗങ്ങളിലും പുനര്‍വിന്യാസം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒരു ഇന്‍സ്‌പെക്ടര്‍ക്ക് ഇനി മുതല്‍ ഒമ്പത് ബസുകളുടെ ചുമതലയുണ്ടാകും. സ്വന്തം വാഹനമെന്ന മട്ടില്‍ ഈ ബസുകളെ പരിപാലിക്കണമെന്നാണ് നിര്‍ദേശം. സര്‍വീസ് തുടങ്ങും മുമ്പ് ബസ് വൃത്തിയാക്കിയോയെന്ന് ഉറപ്പുവരുത്തുന്നതു മുതല്‍ വരുമാന വര്‍ധനവിന് ഷെഡ്യൂള്‍ പരിഷ്‌കരിക്കല്‍ വരെയുള്ള ഉത്തരവാദിത്വമാണ് ഇവര്‍ നിര്‍വഹിക്കേണ്ടത്. ഓരോ ദിവസവും ചുമതലയിലുള്ള പകുതി ബസുകളിലെ ടിക്കറ്റ് പരിശോധനയും നടത്തണം. പുനഃക്രമീകരണങ്ങള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് ചില പ്രയാസങ്ങള്‍ സഷ്ടിച്ചേക്കാമെങ്കിലും കാലാന്തരത്തില്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്കും സുസ്ഥിരതക്കും ഇത് സഹായകമാകും. സംസ്ഥാനത്തെ യാത്രാ പ്രശ്‌നം പരിഹരിക്കാനുള്ള പൊതുമേഖലാ സംവിധാനമെന്നതോടൊപ്പം തങ്ങളുടെ അന്നദാതാവ് കൂടിയാണ് കെ എസ് ആര്‍ ടി സിയെന്ന ബോധം ജീവനക്കാര്‍ക്കുണ്ടായാല്‍ പുനഃക്രമീകരണത്തെ തുടര്‍ന്നുണ്ടാകുന്ന ജോലിഭാരത്തില്‍ അത്ര പ്രയാസപ്പെടേണ്ടിവരില്ല.

യൂനിയന്‍ നേതാക്കളും രാഷ്ട്രീയക്കാരും സ്വന്തക്കാരെയും ആശ്രിതരെയും തിരുകിക്കയറ്റിയത് മൂലം ജീവനക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്, സ്വാകാര്യ ബസ് മുതലാളിമാരില്‍ നിന്ന് പണം വാങ്ങി അവര്‍ക്ക് സഹായകമാം വിധം ടൈം ഷെഡ്യൂകള്‍ ക്രമീകരിക്കല്‍, തൊഴിലാളി നേതാക്കള്‍ ജോലിയെടുക്കാതെ യൂനിയന്‍ പ്രവര്‍ത്തനവുമായി സമയം തള്ളിനീക്കല്‍ തുടങ്ങി സ്ഥാപനത്തിന്റെ നഷ്ടത്തിലേക്കുള്ള കൂപ്പുകുത്തിന് കാരണങ്ങള്‍ പലതുണ്ട്. കുത്തഴിഞ്ഞ ഈ അവസ്ഥക്ക് പരിഹാരം കാണാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഭരണത്തിലിരിക്കുന്നവരെ സ്വാധീനിച്ച് യൂനിയന്‍ നേതാക്കള്‍ അവരെ കുത്തിപ്പുറത്താക്കും. ടോമിന്‍ തച്ചങ്കരിയുടെ മുമ്പ് സ്ഥാപനത്തെ നയിച്ച രാജമാണിക്യം കാര്യക്ഷമമായ ചില നടപടികള്‍ക്കു മുതിര്‍ന്നപ്പോഴാണ് അദ്ദേഹത്തെ എം ഡി പദവിയില്‍ നിന്ന് തെറിപ്പിച്ചത്. ജീവനക്കാരുടെ അനുപാതം കുറക്കുക, പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാറിനെയും എല്‍ ഐ സി പോലെയുള്ള സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി പെന്‍ഷന്‍ ഫണ്ട് ട്രസ്റ്റ് രൂപവത്കരിക്കുക, തുടര്‍ച്ചയായി മൂന്ന് മാസം ജോലിക്ക് ഹാജരാകാത്തവരെ പിരിച്ചുവിടുക, വന്‍നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കുക തുടങ്ങി സ്ഥാപനത്തെ കരകയറ്റാന്‍ സഹായകമായ പല പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ജീവനക്കാരുടെ സഹകരണവും ആത്മാര്‍ഥതയുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പ്രധാനം. വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടിയതു പോലെ ഒരു ലിറ്റര്‍ ഡീസലില്‍ അര കിലോമീറ്റര്‍ ലാഭിച്ചാല്‍ കെ എസ് ആര്‍ ടി സിക്ക് ദിനംപ്രതി 10,000 കിലോമീറ്ററെങ്കിലും അധികം ഓടാനാകും. ജീവനക്കാരുടെ മികച്ച സഹകരണമാണ് അയല്‍ സംസ്ഥാനങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ലാഭകരമായ നടത്തിപ്പിന് സഹായകമാകുന്നത്. കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ നല്ലൊരു വിഭാഗവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരും സ്ഥാപനത്തോട് കൂറുള്ളവരുമാണ്. എന്നാല്‍ രാഷ്ട്രീയ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ തങ്ങളുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി സ്ഥാപനത്തെ ദുരുപയോഗപ്പെടുത്തുമ്പോള്‍ ജീവനക്കാരുടെ ഈ ആത്മാര്‍ഥത വൃഥാവിലാവുകയാണ്.