ദേശീയ പോലീസ് ഫുട്‌ബോളിന് മലപ്പുറത്തിന്റെ മണ്ണില്‍ ഗംഭീര തുടക്കം

Posted on: January 28, 2019 11:44 pm | Last updated: January 28, 2019 at 11:44 pm

മലപ്പുറം: 67ാമത് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളത്തിന്റെ ഫുട്‌ബോള്‍ ഹൃദയമായ മലപ്പുറം മണ്ണില്‍ ഗംഭീര തുടക്കം. ചരിത്രമുറങ്ങുന്ന എം എസ് പി മൈതാനിയിലാണ് മേള. ചരിത്രത്തില്‍ ആദ്യമായി ഫഌഡ്‌ലിറ്റ് സംവിധാനത്തോടെ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിടിലമാക്കാന്‍ രാജ്യത്തെ 37 പോലീസ് ഫുട്‌ബോള്‍ ടീമുകളും മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിംഗ് (എ വി എസ് എം വിആര്‍ സി വി എസ് എം) സല്യൂട്ട് സ്വീകരിച്ചു. 170 കേരള വനിതാ പോലീസ് ട്രെയ്‌നികളുടെ എയ്‌റോബിക് ഡാന്‍സ്, യോഗാ തുടങ്ങിയവ ഉദ്ഘാടന പരിപാടിക്ക് മാറ്റേകി. സിവില്‍ പോലീസ് ഓഫീസര്‍മാരുടെ ഫുട്‌ബോളിനെ ഓര്‍മിപ്പിക്കുന്ന ടാബ്ലോ, വെടിക്കെട്ട് പ്രയോഗവും നടന്നു.

നോര്‍ത്ത് സോണ്‍ എ ഡി ജി പി അനില്‍കാന്ത്, (ചെയര്‍മാന്‍, ഓര്‍ഗനൈസിംഗ് കമ്മിറ്റി), തൃശ്ശൂര്‍ റേഞ്ച് ഐജി കെ അജിത്കുമാര്‍, എറണാംകുളം റേഞ്ച് ഐ ജി വിജയ് സാഖ്‌റെ, ഡി ഐ ജി എ പി ബറ്റാലിയന്‍ പി പ്രകാശ്, ഡി ഐ ജി. അനൂപ് കുരുവിള(കേരള പോലീസ് അക്കാദമി), പാലക്കാട് എസ് പി ദേബേഷ്‌കുമാര്‍ ബെഹ്‌റ, മലപ്പുറം എസ് പി പ്രതീഷ്‌കുമാര്‍, കമാണ്ടന്റുമാരായ യു അബ്ദുല്‍കരീം, യു ശറഫലി(ഓര്‍ഗനൈസിംഗ് സെക്രട്ടറി), പി വി വില്‍സണ്‍, അന്‍വിന്‍ ജെ ആന്റണി, ഡി വൈ എസ് പിമാര്‍, അസി.കമാണ്ടന്റുമാര്‍, വിവിധ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വൈകീട്ട് ഏഴ്മണിയോടെ മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടില്‍ ആതിഥേയരായ കേരള പോലീസും സിക്കിം പോലീസും മഹാരാഷ്ട്രാ -യു പി മത്സരവും പാണ്ടിക്കാടില്‍ ഗോവ-ഹരിയാന, തമിഴ്‌നാട്-പോണ്ടിച്ചേരി മത്സരവും ക്ലാരിയില്‍ പഞ്ചാബ്-ഉത്തരാഖണ്ഡ്, ലക്ഷദ്വീപ് -ജാര്‍ഖണ്ഡ് മത്സരവും യഥാക്രമം ഏഴിനും ഒമ്പതിനും ഫഌഡ്‌ലിറ്റ് സംവിധാനത്തില്‍ നടന്നു.

കേരള പോലീസിന് ആദ്യ ജയം

മലപ്പുറം: 67ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പോലീസിന് ആദ്യജയം. കരുത്തരായ സിക്കിം പോലീസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുന്‍ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്മാര്‍ മറികടന്നത്. 20ാം മിനിറ്റില്‍ മുഹമ്മദ് ഷനൂപ് പെനാല്‍റ്റിയിലൂടെയാണ് വിജയഗോള്‍ നേടിയത്. ഗോവ മറുപടിയില്ലാത്ത മൂന്ന്‌ഗോളിന് ഹരിയാനെയയും പഞ്ചാബ് പോലീസ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തി.

പഞ്ചാബിന്റെ വിജയകുമാര്‍ ഹാട്രിക് നേടി. തുടക്കം മുതല്‍ കേരളവും സിക്കിമും ആക്രമിച്ചു കളിച്ചുവെങ്കിലും ഇരുടീമുകളും ഗോളവവസരമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. ഇതിനിടെയാണ് ഹര്‍ഷാദിനെ വീഴ്ത്തിയതിന് പെനാല്‍റ്റി ലഭിച്ചത്. ഇടവേളക്ക് ശേഷവും ആക്രമണത്തിന് കുറവുണ്ടായിരുന്നില്ല. ഇരുടീമുകളും പരുക്കനടവുകള്‍ പുറത്തെടുത്തപ്പോള്‍ റഫറി രാധാകൃഷ്ണന് പിടിപ്പത് പണിയായി. ഇതിനിടെ കെ ഫിറോസും സുജിലും ഗോള്‍ നേടാന്‍ ശ്രമിച്ചത് ഗോള്‍ പോസ്റ്റിന്റെ രൂപത്തിലും ഓഫ്‌സൈഡും തടഞ്ഞു. എന്നാല്‍ അവസാന 15 മിനിറ്റില്‍ രണ്ടും കല്‍പിച്ച് ആക്രമിച്ചു കളിച്ച മഞ്ഞുമലയുടെ 13ാം നമ്പര്‍ താരം ജൂനിയര്‍ ബൈച്ചുങ് ബൂട്ടിയ ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. ഗോളിന് വേണ്ടി കളിക്കാര്‍ വാദിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചു നിന്നു.

മറ്റു മത്സരങ്ങളില്‍ സി ഐ എസ് എഫ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആര്‍ പി എഫിനേയും ത്രിപുര ജമ്മു കശ്മീരിനെ നാലു ഗോളുകള്‍ക്കും മിസോറാം ഒമ്പത് ഗോളുകള്‍ക്ക് രാജസ്ഥാന്‍ പോലീസിനേയും ആസാം റൈഫിള്‍സ് രണ്ട് ഗോളുകള്‍ക്ക മധ്യപ്രദേശ് പോലീസിനേയും തോല്‍പിച്ചു.
മിസോറമിലെ ലാല്‍റിംപുവ ഹാട്രിക് നേടി. ത്രിപുരക്ക് വേണ്ടി രവീന്ദ്ര ദബ്ബാര്‍മയും അരിജിത് സിംഗ് ബറുവയും രണ്ട് ഗോള്‍ വീതം നേടി.