പ്രിയങ്കയെ വിടാതെ ബി ജെ പി; ഇത്തവണ സരോജ്

Posted on: January 28, 2019 11:34 pm | Last updated: January 28, 2019 at 11:34 pm

ജല്‍ന (മഹാരാഷ്ട്ര): കോണ്‍ഗ്രസ് നേതൃനിരയില്‍ സജീവമാകുന്ന പ്രിയങ്കാ ഗാന്ധിയെ കടന്നാക്രമിച്ച് വീണ്ടും ബി ജെ പി. ഇത്തവണ രാജ്യസഭാ എം പിയും മഹാരാഷ്ട്രയുടെ ചുമതലയുള്ള നേതാവുമായ സരോജ് പാണ്ഡേയാണ് അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്. പ്രിയങ്ക ഒരു വീട്ടമ്മ മാത്രമാണെന്നും അവരുടെ സഹോദരന്‍ ജോക്കര്‍ ആണെന്നും സരോജ് ആക്രോശിച്ചു.

ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒരാളെപ്പോലും കിട്ടിയില്ലേ ജനറല്‍ സെക്രട്ടറിയാക്കാനെന്നും അവര്‍ ചോദിച്ചു. ‘ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ഒരു വീട്ടമ്മയെ ജനറല്‍ സെക്രട്ടറിയാക്കേണ്ട ഗതികേടിലാണ് അവര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നത് പ്രിയങ്ക ചോക്ലേറ്റിയാണെന്നാണ്. കുഞ്ഞാണ് അവരെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
പ്രിയങ്ക തുരുപ്പ് ചീട്ടാണെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ട്. അപ്പോള്‍ ഇത്ര കാലം അവര്‍ കൊണ്ടുനടന്നത് ജോക്കറിനെ ആയിരുന്നോ?’- രാഹുലിനെ പരാമര്‍ശിച്ച് സരോജ് ചോദിച്ചു. രാഹുല്‍ ഗാന്ധിയെ നേരത്തേ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ചയാളാണ് സരോജ് പാണ്ഡേ. ഇപ്പോള്‍ രാഹുലിന് പക്വത വന്നുവെന്ന് കഴിഞ്ഞ ദിവസം അവര്‍ തിരുത്തുകയും ചെയ്തിരുന്നു.

പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചത് മുതല്‍ രൂക്ഷമായ ആക്രമണമാണ് ബി ജെ പി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് മിക്കവയും. ബിഹാര്‍ മന്ത്രിയും ബി ജെ പി നേതാവുമായ വിനോദ് നാരായണന്‍ ഝാ നടത്തിയ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു.