Connect with us

International

വെനിസ്വേലക്ക് കടുത്ത മുന്നറിയിപ്പുമായി യു എസ്

Published

|

Last Updated

സൈനിക ആസ്ഥാനത്തെത്തിയ വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദുറൊ സൈനികര്‍ക്കൊപ്പം ഓടുന്നു

വാഷിംഗ്ടണ്‍/കരാക്കസ്: നയതന്ത്ര ബന്ധം വിച്ഛേദിച്ച വെനിസ്വേലക്ക് ഭീഷണിയുമായി അമേരിക്ക. വെനിസ്വേലയിലെ തങ്ങളുടെ നയതന്ത്രജ്ഞര്‍ക്കോ പ്രതിപക്ഷ നേതാവ് ജ്വാന്‍ ഗ്വയ്‌ഡൊക്കോ ഏതെങ്കിലും രീതിയിലുള്ള വെല്ലുവിളിയുണ്ടായാല്‍ കടുത്ത പ്രതികരണമുണ്ടാകുമെന്ന് യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോല്‍ടണ്‍ വ്യക്തമാക്കി. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഗ്വയ്‌ഡൊക്ക് പിന്തുണയുമായി അമേരിക്കക്ക് പിന്നാലെ 20ലധികം രാജ്യങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വെനിസ്വേലക്കെതിരെ ബോല്‍ടണിന്റെ ഭീഷണി.

അതേസമയം, അമേരിക്കയുടെയും ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചതോടെ ആത്മവിശ്വാസത്തോടെയാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നത്. റഷ്യയുടെയും ചൈനയുടെയും പിന്തുണയുണ്ടെങ്കിലും കരുതലോടെയാണ് വെനിസ്വേലയുടെ നീക്കം. രാജ്യത്ത് നിന്ന് യു എസ് പ്രതിനിധികള്‍ ഉടന്‍ പുറത്തുപോകണമെന്ന് പ്രസിഡന്റ് നിക്കോളസ് മദുറൊ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കില്ല.

മദുറൊക്കെതിരായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഗ്വയ്‌ഡോയുടെയും അനുയായികളുടെയും തീരുമാനം. നാളെ രാജ്യവ്യാപകമായി സമാധാനപരമായ രണ്ട് മണിക്കൂര്‍ സമരത്തിനും ശനിയാഴ്ച കൂറ്റന്‍ പ്രതിപക്ഷ റാലിക്കും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രക്ഷോഭങ്ങളിലൂടെ രാജ്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് ഗ്വയ്‌ഡൊയുടെ പദ്ധതി.

അതിനിടെ, ഗ്വയ്‌ഡൊയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ച സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി മദുറൊ രംഗത്തെത്തി. വെനിസ്വേലയെ യൂറോപ്പിലേക്ക് കെട്ടിയിടാന്‍ ശ്രമിക്കേണ്ടെന്നും യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം ധിക്കാരപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസിഡന്റ് സ്ഥാനത്തെ അംഗീകരിക്കാത്തവരുമായി ചര്‍ച്ചക്ക് തയ്യാറാണ്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താന്‍ നിരവധി സന്ദേശങ്ങള്‍ അയച്ചിരുന്നെങ്കിലും അവയൊക്കെ അദ്ദേഹം അവഗണിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ പ്രക്ഷോഭം കണക്കിലെടുത്ത് സൈനിക ആസ്ഥാനത്തെത്തിയ മദുറൊ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്നാല്‍, രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവരുടെ പിന്തുണ തനിക്ക് കിട്ടിയതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം, വെനിസ്വേലന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി അമേരിക്കയിലെ വെനിസ്വേലന്‍ സൈനിക പ്രതിനിധി രംഗത്തെത്തി. ഗ്വയ്‌ഡൊയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുന്നുവെന്നും മദുറൊയുടെ സര്‍ക്കാറില്‍ നിന്ന് താന്‍ രാജിവെച്ചുവെന്നും കോല്‍ ജോസ് ലൂയിസ് സില്‍വ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പ്രഖ്യാപനത്തിന് പിന്നാലെ വിജയിയായി മദുറൊയെ തിരഞ്ഞെടുത്തതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനാകില്ലെന്നും തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഇതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ദേശീയ അസംബ്ലിയില്‍ ഗ്വയ്‌ഡോ പ്രസിഡന്റായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു.

Latest