Connect with us

National

മുസാഫര്‍നഗര്‍ കലാപ കേസുകള്‍ ബി ജെ പി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

Published

|

Last Updated

ലക്‌നോ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ ബി ജെ പി സര്‍ക്കാര്‍ തീരുമാനം. 2013ല്‍ യു പിയിലെ മുസാഫര്‍നഗറില്‍ നടന്ന കലാപത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടത്.
കലാപവുമായി ബന്ധപ്പെട്ട് 131 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 18 കേസുകള്‍ പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുസാഫര്‍നഗര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. കലാപശ്രമം, ആയുധങ്ങളുടെ ദുരുപയോഗം, കവര്‍ച്ചാശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ബി ജെ പി. എം പിമാര്‍, എം എല്‍ എമാര്‍ പ്രതികളാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ബി ജെ പി. എം പി സഞ്ജിവ് ബല്യാനിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന നിയമ വിഭാഗത്തില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട 18 കേസുകള്‍ പിന്‍വലിക്കാനുള്ള അപേക്ഷ ലഭിച്ചതായി ജില്ലാ ഗവണ്‍മെന്റ് അഭിഭാഷകന്‍ രാജീവ് ശര്‍മ പറഞ്ഞു. രേഖകള്‍ പരിശോധിക്കാനായി ഇവ ഉടനെ കോടതിക്ക് കൈമാറും.

ബി ജെ പി സംഘത്തിന്റെ സന്ദര്‍ശനത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കേസുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ജില്ലാ ഭരണകൂടം എതിര്‍പ്പ് അറിയിച്ചിരുന്നു. ജില്ലാ ഭരണകുടത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ഇപ്പോള്‍ കേസുകള്‍ പിന്‍വലിക്കുന്നത്.