ഏഷ്യന്‍ കപ്പ്: ഇറാനെ തകര്‍ത്ത് ജപ്പാന്‍ ഫൈനലില്‍

Posted on: January 28, 2019 10:37 pm | Last updated: January 29, 2019 at 10:26 am

അല്‍ഐന്‍: ഇറാനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ജപ്പാന്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. രണ്ട് ഗോളുകള്‍ നേടിയ യുയ ഒസാകോയാണ് ജപ്പാന്റെ വിജയശില്‍പ്പി. 56,67 മിനുട്ടുകളിലാണ് താരം ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു രണ്ടാം ഗോള്‍.

കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കേ ഗെങ്കി ഹരഗൂചിയിലൂടെ ജപ്പാന്‍ മൂന്നാം ഗോള്‍ നേടി. യുഎഇ- ഖത്വര്‍ മത്സരത്തിലെ എതിരാളികളെ ജപ്പാന്‍ ഫൈനലില്‍ നേരിടും. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ മുന്നേറിയ ഇറാന് സെമിയില്‍ കാലിടറുകയായിരുന്നു. പ്രതിരോധത്തിലെ പാളിച്ചയാണ് ഇറാന് വിനയായത്.

റഷ്യന്‍ ലോകകപ്പില്‍ കളിച്ച ടീമുകള്‍ നേര്‍ക്ക് നേര്‍ വന്നപ്പോള്‍ തകര്‍പ്പന്‍ പോരാട്ടത്തിനാണ് അല്‍ഐന്‍ ഹസ ബിന്‍ സിയാദ് സ്‌റ്റേഡിയം സാക്ഷിയായത്. അഞ്ചാം കിരീടമാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്.