Connect with us

Kerala

മുത്വലാഖിനെ അംഗീകരിക്കുന്നില്ലെന്ന് വനിതാ ലീഗ്; അതില്‍ ഇനി ചര്‍ച്ചയേ ഇല്ല

Published

|

Last Updated

കോഴിക്കോട്: മുത്വലാഖിനെ അംഗീകരിക്കുന്നില്ലെന്ന് വനിതാ ലീഗ്. മുത്വലാഖ് ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും വിധിയെ എതിര്‍ക്കുന്നില്ലെന്നും വനിതാ ലീഗ് ജന. സെക്രട്ടറി അഡ്വ. പി കുല്‍സു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ച് ജഡ്ജിമാര്‍ വിധി പറഞ്ഞപ്പോള്‍ ചിലര്‍ ഒറ്റിയിരിപ്പിന് ചെല്ലുന്നതാണ് തെറ്റെന്നും അല്ല മൂത്വലാഖ് തന്നെ തെറ്റാണെന്നും വിവിധ വിധികളുണ്ടായി. എന്നാല്‍ ഭരണഘടനാവിരുദ്ധമാണെന്ന മൂന്ന് ജഡ്ജിമാരുടെ ഭൂരിപക്ഷാഭിപ്രായം തങ്ങള്‍ അംഗീകരിക്കുന്നു. അതില്‍ ഇനി ചര്‍ച്ചയേ ഇല്ല. മുസ് ലിംകളിലെ വിവിധ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോഴും സുപ്രീം കോടതി വിധി അന്തിമമാണെന്നും ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലാണ് വനിതാ ലീഗിന് എതിര്‍പ്പെന്നും അവര്‍ ആവര്‍ത്തിച്ചു.

മുത്വലാഖ് അല്ല വിഷയം അതിന് ഇനി പ്രസക്തിയേയില്ല. വിധിയെ എതിര്‍ക്കുന്നില്ല. അതിന് ശേഷമുണ്ടായ സാഹചര്യത്തെയാണ് എതിര്‍ക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുത്വലാഖ് ശരീഅത്ത് വിരുദ്ധമാണോ എന്ന് അഭിപ്രായമുണ്ടോയെന്ന ചോദ്യത്തിന് മുത്വലാഖിന്റെ ശരീഅത്ത് സാധുതയെ കുറിച്ച് സുപ്രീം കോടതി ജഡ്ജിമാര്‍ പഠിച്ചതാണെന്നും കോടതിയുടെ അന്തിമ വിധി അംഗീകരിക്കുന്നുവെന്നുമായിരുന്നു മറുപടി. എന്നാല്‍ ബില്‍ ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നതിനെ കുറിച്ച് അത് പാര്‍ട്ടി ചര്‍ച്ച ചെയ്യുകയും വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയതുമാണെന്നും അവര്‍ പറഞ്ഞു.

സ്ത്രീരംഗ പ്രവേശനത്തിനെ സമസ്ത ഇകെ വിഭാഗം എതിര്‍ത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ 27 വര്‍ഷമായി താന്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും ആരും എവിടെയും അക്കാര്യത്തില്‍ തടയുകയോ എതിര്‍ക്കുകയോ ചെയ്തില്ലെന്നുമായിരുന്നു പ്രതികരണം. വ്യക്തിപരമല്ലാതെ പൊതുവില്‍ പറഞ്ഞിട്ടില്ലേയെന്നതിന് ഏതെങ്കിലും സംഘടനകളോ മറ്റോ താക്കീതായോ മറ്റോ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അവകാശവാദം. മൂന്നല്ല അഞ്ചും ആറും സീറ്റ് ലഭിക്കാന്‍ ലീഗിന് അര്‍ഹതയുണ്ട്. കൂടുതല്‍ സീറ്റ് വേണമെന്നോ ആവശ്യപ്പെടണമെന്നോ ലീഗിനോട് വനിതാ ലീഗ് പറയില്ല. മൂന്ന് സീറ്റ് അനുവദിച്ചാല്‍ ഒന്നു വനിതകള്‍ക്ക് വേണമെന്നും പറയില്ല. എന്നാല്‍ ലീഗ് പറഞ്ഞാല്‍ വനിതാ സ്ഥാനാര്‍ഥിയെ നല്‍കും. ലീഗ് വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ആര്‍ത്തവ ചര്‍ച്ചകള്‍ സ്ത്രീ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്നും അവര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

മുത്വലാഖ് ആര്‍ക്കുവേണ്ടി എന്ന ശീര്‍ഷകത്തില്‍ വനിതാലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സിംപോസിയം കോഴിക്കോട് ടൗണ്‍ഹാളില്‍ ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഭാരവാഹികളായ പി സഫിയ, സെറീന ഹസീബ്, ബ്രസീലിയ ഷംസുദ്ദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.