സര്‍ക്കാറിനു മുകളില്‍ ഒരോഫീസറും പറക്കേണ്ടതില്ല; ചൈത്രക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോടിയേരി

Posted on: January 28, 2019 5:57 pm | Last updated: January 28, 2019 at 9:11 pm

തിരുവനന്തപുരം: സി പി എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണ്‍ ഐ പി എസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
വില കുറഞ്ഞ പബ്ലിസിറ്റി മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും സര്‍ക്കാറിനു മുകളില്‍ പറക്കാന്‍ ഒരുദ്യോഗസ്ഥയും ശ്രമിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരു പ്രതിയെ പോലും അറസ്റ്റു ചെയ്യാന്‍ പോലീസുദ്യോഗസ്ഥക്കു കഴിഞ്ഞിട്ടില്ല. പ്രഹസന റെയ്ഡ് നടത്തി പേരുണ്ടാക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സി പി എം. നിരോധിത പാര്‍ട്ടിയൊന്നുമല്ലെന്നു മനസ്സിലാക്കണം. ഏത് ഓഫീസറായാലും നിയമപരമായാണ് പ്രവര്‍ത്തിക്കേണ്ടത്. നിയമവാഴ്ച നടപ്പിലാക്കാനാണ് ശ്രമിക്കേണ്ടത്.

എങ്കിലും റെയ്ഡ് ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്നും അവരുടെ എന്തെങ്കിലും തോന്നലിന്റെ ഭാഗമായി ചെയ്തതായിരിക്കാം അതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.