Connect with us

Malappuram

ദാറുല്‍ ഹുദ കലോത്സവത്തില്‍ നാടകവും ഷോര്‍ട്ട് ഫിലിം മത്സരങ്ങളും

Published

|

Last Updated

ചെമ്മാട് ദാറുല്‍ ഹുദയില്‍ നടക്കുന്ന കലോത്സവത്തിലെ നാടക മത്സരത്തില്‍ നിന്ന്

മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദയില്‍ നടക്കുന്ന കലോത്സവത്തില്‍ നാടക, ഷോര്‍ട്ട് ഫിലിം നിര്‍മാണ മത്സരങ്ങളും. ഇസ്‌ലാം മത വിശ്വാസം അനുസരിച്ച് അഭിനയം ഹറാമാണെന്നിരിക്കെയാണ് ഇകെ വിഭാഗം സുന്നികള്‍ക്ക് കീഴിലുള്ള സ്ഥാപനത്തില്‍ നടക്കുന്ന കലാമേളയില്‍ ഇവ രണ്ടും സ്ഥാനം പിടിച്ചത്. ഇസ്‌ലാമിക് ദഅ്‌വ സ്‌കിറ്റ് എന്ന പേരിലാണ് നാടക മത്സരങ്ങള്‍ അരങ്ങേറിയത്. ഇസ്ലാമിന്റെ സന്ദേശം വ്യത്യസ്ത വിഭാഗങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലാണ് നാടകങ്ങളുടെയെല്ലാം ആവിഷ്‌കാരം. എന്നാല്‍ തികച്ചും വ്യത്യസ്തമായ വേഷ വിധാനങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ അരങ്ങിലെത്തിയത്.

ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന വിധി വിലക്കുകളെ പാടെ തള്ളി ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും കിടിലന്‍ ഡയലോഗുകള്‍ ചേര്‍ത്തുമാണ് നാടകാവതരണം. നാടകങ്ങളില്‍ വിദ്യാര്‍ഥികള്‍ തകര്‍ത്ത് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് റൗണ്ടുകളിലായിട്ടാണ് നാടക മത്സരങ്ങള്‍ അരങ്ങേറിയത്. ഇരുപത്തിനാലോളം ടീമുകള്‍ പങ്കെടുത്തു.

ഇതുകൂടാതെ വിദ്യാര്‍ഥികള്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിം മത്സരങ്ങളും കലോത്സവത്തിലെ മുഖ്യഇനമാണ്. അഞ്ച് മിനിറ്റ് നീളുന്ന ഷോട്ട് ഫിലിമിലും വിദ്യാര്‍ഥികള്‍ തന്നെയാണ് അഭിനേതാക്കള്‍. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകങ്ങളും ഷോര്‍ട്ട്ഫിലിമും മികച്ചതായിരുന്നുവെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

പുതിയ കാലത്ത് ഇസ്‌ലാമിനെ മറ്റു മതസ്ഥര്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിന് ഇത്തരം ആവിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ ഒരു ഇസ്ലാമിക കലാലയത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും ഇക്കാര്യത്തില്‍ നിലപാട് പറയണമെന്നുമുള്ള ആവശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ദാറുല്‍ ഹുദക്ക് കീഴിലുളള വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സിബാഖ് കലോത്സവം ഇന്ന് സമാപിക്കും. ഇകെ വിഭാഗം മുശാവറ അംഗം കൂടിയായ ബഹാഉദ്ദീന്‍ നദ്‌വിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമാണ് ചെമ്മാട് ദാറുല്‍ ഹുദ.

കൂടുതല്‍ ചിത്രങ്ങള്‍:

---- facebook comment plugin here -----

Latest