കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് മുസ്‌ലിം സ്ത്രീക്കു പിറകെ നടക്കുന്നയാള്‍; വിവാദ പ്രസ്താവനകള്‍ തുടര്‍ന്ന് മന്ത്രി ഹെഗ്‌ഡെ

Posted on: January 28, 2019 4:58 pm | Last updated: January 28, 2019 at 6:22 pm

കുടക്: ഹിന്ദു പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്ന കൈ ബാക്കിയുണ്ടാകരുതെന്ന് പ്രകോപനപരമായി പ്രസംഗിച്ച കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത്. തന്നെ വിമര്‍ശിച്ച കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഗുണ്ടു റാവു മുസ്‌ലിം സ്ത്രീക്കു പിറകെ നടക്കുന്നയാളാണെന്ന് ഹെഗ്‌ഡെ ആക്ഷേപിച്ചു.

ഗുണ്ടു റാവു ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാം. അതിനു മുമ്പ് അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ക്കൊപ്പം ആരാണുള്ളതെന്നു വ്യക്തമാക്കണം. അദ്ദേഹം ഒരു മുസ്‌ലിം സ്ത്രീയുടെ പിറകെ നടക്കുന്നയാള്‍ മാത്രമാണെന്നാണ് എന്റെ അറിവ്. ഹെഗ്‌ഡെ പറഞ്ഞു.

ഹെഗ്‌ഡെ വ്യക്തിപരമായ ആക്ഷേപങ്ങളുമായി വരുന്നത് ഖേദകരമാണെന്നാണ് ഗുണ്ടു റാവു ഇതിനോട് പ്രതികരിച്ചത്. സ്ംസ്‌കാരത്തിന്റെ കുറവാണ് ഇതു കാണിക്കുന്നത്. ഹൈന്ദവ വേദ ഗ്രന്ഥങ്ങളില്‍ നിന്ന് അദ്ദേഹം യാതൊന്നും പഠിച്ചിട്ടില്ല. ഇനിയും സമയമുണ്ട്. അന്തസ്സുള്ള മനുഷ്യനാകാന്‍ അദ്ദേഹത്തിന് ഇനിയും ശ്രമിക്കാവുന്നതാണ്- റാവു പറഞ്ഞു.

മന്ത്രിയില്‍ നിന്ന് മെച്ചപ്പെട്ടതൊന്നും പ്രതീക്ഷിക്കാനില്ലെന്ന് ഞായറാഴ്ച നടത്തിയ വിവാദ പരാമര്‍ശങ്ങളോട് പ്രതികരിക്കവെ ഗുണ്ടു റാവു പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി, എം പി എന്നീ നിലകളില്‍ എന്താണ് താങ്കളുടെ നേട്ടങ്ങള്‍, കര്‍ണാടകയുടെ വികസനത്തിന് എന്തു സംഭാവനയാണ് താങ്കളുടെ ഭാഗത്തു നിന്നുണ്ടായത് തുടങ്ങിയ ചോദ്യങ്ങള്‍ ഗുണ്ടു റാവു ഉന്നയിച്ചിരുന്നു. ഇത്തരമാളുകള്‍ എം പിയും മന്ത്രിയുമെല്ലാമായി തിരഞ്ഞെടുക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.