പരിശോധനക്കെത്താത്ത അമ്പാട്ടി റായിഡുവിന് വിലക്കേര്‍പ്പെടുത്തി ഐ സി സി

Posted on: January 28, 2019 4:13 pm | Last updated: January 28, 2019 at 4:13 pm

ദുബൈ: ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ അംഗമായ അമ്പാട്ടി റായിഡുവിന് അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്നും വിലക്ക്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് (ഐ സി സി) വിലക്കേര്‍പ്പെടുത്തിയത്.

ജനുവരി 13ന് ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ പന്തെറിഞ്ഞ റായിഡുവിന്റെ ബൗളിംഗ് ആക്ഷനില്‍ സംശയമുന്നയിച്ച് മാച്ച് ഒഫീഷ്യല്‍സ് ഐ സി സിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 14 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച പരിശോധനക്കു വിധേയനാകണമെന്ന് റായിഡുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ഹാജരാവാന്‍ താരം തയാറാകാത്ത സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐ സി സി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഐ സി സി ചട്ടത്തിലെ 4.2 വകുപ്പു പ്രകാരമാണ് വിലക്ക്. പരിശോധനക്കു തയാറായി ആക്ഷനില്‍ അപാകതകളില്ലെന്ന് തെളിയിക്കുന്നതു വരെ വിലക്ക് തുടരും. എന്നാല്‍ പ്രാദേശിക മത്സരങ്ങളില്‍ കളിക്കുന്നതിന് വിലക്ക് ബാധകമല്ല.