മൂന്നാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം; ഇന്ത്യക്ക് പരമ്പര

Posted on: January 28, 2019 3:26 pm | Last updated: January 28, 2019 at 10:38 pm

മൗണ്ട് മോന്‍ഗനൂയി: മൂന്നാം ഏകദിനത്തിലും ന്യൂസിലാന്‍ഡിനെ നിലംപരിശാക്കി ഇന്ത്യക്ക് ഉജ്ജ്വല ജയം, പരമ്പര. ബേഓവലില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും സര്‍വാധിപത്യം നേടിയതോടെ ഏഴ് വിക്കറ്റിന് ആതിഥേയര്‍ തകര്‍ന്നടിഞ്ഞു. അഞ്ച് മത്സര പരമ്പരയില്‍ മൂന്നിലും വിജയിച്ചതോടെ 3-0നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ന്യൂസിലാന്‍ഡ് ഒരു ഓവര്‍ ശേഷിക്കെ 243 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മ (62), ക്യാപ്റ്റന്‍ വിരാട് കോഹലി (60), എന്നിവരാണ് ഇന്ത്യന്‍ സകോര്‍ബോര്‍ഡ് ചലിപ്പിച്ചത്. ഒന്‍പത് ഓവറില്‍ 41 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ പിഴുത മുഹമ്മദ് ഷമിയാണ് കളിയിലെ താരം.

ന്യൂസിലാന്‍ഡില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കുന്നത്. 2009ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം 3-1ന് പരമ്പര നേടിയതാണ് ആദ്യ നേട്ടം.