ക്ഷേത്രോത്സവത്തില്‍ ജാതി തിരിച്ച് ഭക്ഷണപ്പന്തല്‍; നവോത്ഥാന സംഘടനകള്‍ മൗനത്തില്‍

കാസര്‍കോട്
Posted on: January 28, 2019 3:27 pm | Last updated: January 28, 2019 at 3:48 pm

ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്കും അല്ലാത്തവര്‍ക്കും വെവ്വേറെ ഭക്ഷണപ്പന്തല്‍. കാസര്‍കോട്ടെ ബെള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് ദിവസവും ഉച്ചക്ക് നടക്കുന്ന വിഭവസമൃദമായ സദ്യയിലാണ് രണ്ട് പന്തലുകളിലായി ഭക്ഷണ വിതരണം നടക്കുന്നത്.
കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലകളില്‍ ഇപ്പോഴും പന്തി വിവേചനം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൊതു സ്വകാര്യ പരിപാടികളില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും വ്യത്യസ്ത പന്തിയാണ് ഇവിടങ്ങളില്‍ ഒരുക്കുന്നത്. പന്തിഭോജനത്തിന്റെ 100 ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് സംസ്ഥാനത്ത് ജാതി വിവേചനം ഇപ്പോഴും തുടരുന്നതിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത്. എന്നാല്‍, ഇതിനെതിരെ നവോത്ഥാന സംഘടനകള്‍ പോലും ചെറുവിരലനക്കുന്നില്ല.

ആദ്യത്തേത് ചുറ്റമ്പലത്തിന് തൊട്ടു പിറകിലും ക്ഷേത്ര പരിസരത്ത് നിന്ന് മാറി മറ്റൊന്നുമായാണ് പന്തല്‍ സ്ഥാപിച്ചിരിക്കുന്നത്. ആദ്യത്തെ പന്തലില്‍ ഭക്ഷണം ബ്രാഹ്മണര്‍ക്ക് മാത്രമാണ്. ഇലയിട്ട് ഇരുന്നാല്‍ വിളമ്പിത്തരും. അബ്രാഹ്മണര്‍ക്ക് ഇവിടെ പ്രവേശനമില്ല. ഭക്ഷണം വിളമ്പുന്നതും ബ്രാഹ്മണര്‍മാരാണ്. മറ്റു ജാതിക്കാര്‍ക്കുള്ള പന്തലില്‍ വിഭവങ്ങളിലും വേര്‍തിരിരിവുണ്ട്.
പല വിവാഹ- സ്വകാര്യചടങ്ങുകളിലും ഭക്ഷണ വിതരണം ഈ രീതിയിലാണ്.

1917ല്‍ അയ്യപ്പന്‍ മിശ്രഭോജനം നടത്തിയതിന്റെ 100 ാം വാര്‍ഷികം അടുത്തിടെയാണ് കേരളം ആഘോഷിച്ചത്. മലബാറിലെ ഏറ്റവും വലിയ പന്തിഭോജനം നടന്ന കൊടക്കാടെന്ന പ്രദേശവും കാസര്‍കോട്ടാണ്. ജന്മി നല്‍കിയ അടിമക്കഞ്ഞിക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ച ഗ്രാമംകൂടിയാണ് കൊടക്കാട്. എന്നിട്ടും ജില്ലയുടെ വടക്കന്‍ മേഖലകളില്‍ പന്തിഭോജനം നിലനില്‍ക്കുന്നുവെന്ന് പറയുന്നത് പരിഷ്‌കൃത സമൂഹത്തിന് തന്നെ നാണക്കേടാണെന്നാണ് പൊതു അഭിപ്രായം.