‘സ്ത്രീകളെ അവഗണിച്ചുകൊണ്ടുള്ള സാമൂഹികമാറ്റം അസാധ്യം’

Posted on: January 28, 2019 3:24 pm | Last updated: January 28, 2019 at 3:24 pm

അബുദാബി: സ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ട് ലോകത്തൊരിടത്തും സാമൂഹികമാറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സി ഐ ടി യു സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അഭിപ്രായപ്പെട്ടു.
അബുദാബി ശക്തി തിയറ്റേഴ്സിന്റെ 2018-2019 പ്രവര്‍ത്തനവര്‍ഷത്തെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കീഴ് ജാതിക്കാര്‍ മാറ് മറക്കാന്‍ പാടില്ലാത്ത ആചാരം നിലനിന്നിരുന്ന കാലത്ത് നാല് സ്ത്രീകള്‍ മാറു മറച്ച് ശ്രീപത്മനാഭക്ഷേത്രത്തില്‍ ദര്‍ശനത്തിനുവന്നപ്പോള്‍ എഴുനൂറോളം മാറ് മറക്കാത്ത സ്ത്രീകള്‍ അവരുടെ വസ്ത്രം കീറി എറിയുകയാണുണ്ടായത്. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

അഡ്വ. അന്‍സാരി സൈനുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ ബി മുരളി, എ കെ ബീരാന്‍കുട്ടി, ബാബു വടകര, രാജന്‍ കണ്ണൂര്‍, ബിന്ദു ഷോബി, പ്രിയ ബാലു, ഇന്‍ഷാ അയൂബ് അക്കിക്കാവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ വി ബഷീര്‍ സ്വാഗതവും അനിതാ റഫീഖ് നന്ദിയും പറഞ്ഞു. ശക്തി വനിതാവിഭാഗം അവതരിപ്പിച്ച സംഘഗാനത്തോടെ ആരംഭിച്ച സമ്മേളനം ശക്തി കലാകാരന്‍മാര്‍ അവതരിപ്പിച്ച ‘ശൈത്യകാലം’ എന്ന ലഘുനാടകത്തോടെയാണ് സമാപിച്ചത്.
ഒന്‍പതാമത് ഭരത് മുരളി നാടകോത്സവത്തില്‍ ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച ‘പണി’ എന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെ സമ്മേളനം ആദരിച്ചു.