Connect with us

Kerala

സര്‍ക്കാറിന്റെ ആയിരം ദിനം: സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20 മുതല്‍ 27 വരെ കോഴിക്കോട് ബീച്ചില്‍ വിപുലമായ ഉത്പന്ന പ്രദര്‍ശന വിപണന മേള നടത്തും. ജനങ്ങള്‍ കാത്തിരിക്കുന്ന ആയിരം പദ്ധതികള്‍ക്ക് ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു. “വാഗ്ദാനങ്ങള്‍ പാലിച്ച 1000 ദിനങ്ങള്‍ 1000 പദ്ധതികള്‍ 10000 കോടി രൂപയുടെ വികസനം” എന്നതാണ് പ്രചാരണ സന്ദേശം.
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ വികസന സെമിനാറും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ആരംഭിക്കാവുന്ന പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടത്തും.

ഘോഷയാത്രയില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ സി ഡി എസുകള്‍, പഞ്ചായത്തുകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണ്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട്, ജെ ആര്‍ സി, എന്‍ സി സി, എന്‍ എസ് എസ്, പ്രവാസികള്‍, വ്യാപാരിവ്യവസായ സംഘടനകള്‍, യുവജനസംഘടനകള്‍, തൊഴിലാളി സംഘടനകള്‍, സാക്ഷരത പ്രവര്‍ത്തകര്‍, സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍ ചെയര്‍മാനായും എ കെ ശശീന്ദ്രന്‍, ജില്ലയിലെ എം പിമാര്‍, എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും ജില്ലാ കലക്ടര്‍ സാംബശിവ റാവു ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍ ജോയിന്റ് കണ്‍വീനറായും സ്വാഗത സംഘം രൂപവത്കരിച്ചു.