മര്‍കസ് തകാഫുല്‍ സംസ്ഥാന സംഗമം സമാപിച്ചു

Posted on: January 28, 2019 2:02 pm | Last updated: January 28, 2019 at 2:02 pm
മര്‍കസില്‍ നടന്ന തകാഫുല്‍ കുടുംബ സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

കോഴിക്കോട്: മര്‍കസിന്റെ ചാരിറ്റി വിഭാഗമായ തകാഫുലിന്റെ സംസ്ഥാന കുടുംബ സംഗമം സമാപിച്ചു. മര്‍കസ് നടത്തുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളോട് സഹകരിച്ച് വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ജ്ഞാനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന കേരളത്തിലെ ആയിരത്തിലധികം തകാഫുല്‍ അംഗങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 41 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും നിരാലംബരും അശരണരുമായ വിദ്യാര്‍ഥികള്‍ക്ക് ഉന്നതമായ വിജ്ഞാനം നല്‍കാന്‍ സാധിക്കുകയും ചെയ്തത് സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന നിറഞ്ഞ പിന്തുണ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം കൊണ്ടു മാത്രമേ സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റം സാധ്യമാകുകയുള്ളൂ. സാമ്പത്തികമായും സാമൂഹികമായും ഭദ്രമായ സാഹചര്യങ്ങളിലുള്ളവര്‍ക്ക് ലഭിക്കുന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം പാവപ്പെട്ടവര്‍ക്കും ലഭിക്കണം. ഇന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യധാരയില്‍ എത്തിച്ചതില്‍ മര്‍കസിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് പദ്ധതികളുമായി സഹകരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനക്കും കാന്തപുരം നേതൃത്വം നല്‍കി. മര്‍കസ് വൈസ് പ്രസിഡന്റ് എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു . മര്‍കസ് അസിസ്റ്റന്റ് മാനേജര്‍ സി പി ഉബൈദുല്ല സഖാഫി ആമുഖം അവതരിപ്പിച്ചു. മര്‍സൂഖ് സഅദി കണ്ണൂര്‍ സ്വാഗതവും ശിഹാബുദ്ദീന്‍ സഖാഫി പെരുമ്പിലാവ് നന്ദിയും പറഞ്ഞു.