ജനാധിപത്യം അപകടാവസ്ഥയിലെന്ന് സുപ്രീം കോടതി ജഡ്ജി എ കെ സിക്രി

Posted on: January 28, 2019 12:47 pm | Last updated: January 28, 2019 at 12:49 pm

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിന് നിയമവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി എ കെ സിക്രി. 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രീക്കുകാര്‍ ലോകത്തിന് സംഭാവന ചെയ്ത ജനാധിപത്യ മൂല്യങ്ങള്‍ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. ജനാധിപത്യ മൂല്യങ്ങള്‍ക്ക് അപചയം സംഭവിക്കുകയും ജഡ്ജിമാര്‍ പല വെല്ലുവിളികളും നേരിടേണ്ടി വരികയും ചെയ്യുന്നു. ഗുജറാത്തില്‍ ദേശീയ നിയമ സര്‍വകലാശാല കോണ്‍വക്കേഷനില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നിയമ പരിജ്ഞാനം ആര്‍ജിക്കുന്നതിലൂടെ ധനം സമ്പാദിക്കാമെങ്കിലും അതോടൊപ്പം സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു നീതി ഉറപ്പാക്കാനും കഴിയണം- സിക്രി പറഞ്ഞു. സി ബി ഐ മേധാവി സ്ഥാനത്തു നിന്ന് അലോക് വര്‍മയെ മാറ്റുന്നതിന് തീരുമാനമെടുത്തത് സിക്രി ഉള്‍പ്പെടുന്ന മൂന്നംഗ ഉന്നതാധികാര സമിതിയായിരുന്നു. ഇതില്‍ പിന്നീട് ലണ്ടനിലെ ട്രൈബ്യൂണലില്‍ ഉയര്‍ന്ന പദവി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കിയെങ്കിലും നടപടി വിവാദമായി. പിന്നീട് ഈ പദവി സിക്രി നിരസിക്കുകയും ചെയ്തു.