എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ട് ജില്ലാ കമ്മിറ്റികള്‍

Posted on: January 28, 2019 12:54 pm | Last updated: January 28, 2019 at 12:54 pm
എസ് വൈ എസ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ജില്ലാ പ്രതിനിധി സമ്മേളനം സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: സമസ്ത കേരളാ സുന്നി യുവജന സംഘം (എസ് വൈ എസ്) ഇനി മലപ്പുറത്ത് മലപ്പുറം ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ രണ്ട് ജില്ലാ ഘടകങ്ങളായി പ്രവര്‍ത്തിക്കും. മലപ്പുറത്ത് ചേര്‍ന്ന ജില്ലാ പ്രതിനിധി സമ്മേളനത്തില്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി ഇരു ജില്ലാ ഘടകങ്ങളുടെ പ്രഖ്യാപനം നടത്തി.

കാലത്ത് മലപ്പുറത്ത് ചേര്‍ന്ന ജില്ലാ യൂത്ത് കൗണ്‍സില്‍ രണ്ട് ജില്ലാ ഘടകങ്ങള്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നു. രാവിലെ 10 മണിക്ക് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി പതാക ഉയര്‍ത്തിയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന ജില്ലാ യൂത്ത് കൗണ്‍സില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജനകീയ പ്രസ്ഥാനമെന്ന നിലയില്‍ ജനാധിപത്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സാര്‍വത്രിക പ്രബോധന വഴിയില്‍ മുന്നേറാന്‍ നവസാരഥിക്കള്‍ക്ക് കഴിയണമെന്നദ്ദേഹം ഉണര്‍ത്തി. നടപ്പു പ്രവര്‍ത്തന വര്‍ഷത്തെ റിപ്പോര്‍ട്ടും സാമ്പത്തികാവലോകനരേഖയും അവതരിപ്പിച്ചു.
ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് നേതൃത്വം നല്‍കി. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നടന്ന പ്രതിനിധി സമ്മേളനം സയ്യിദ് ഹബീബ് കോയ തങ്ങളുടെ പ്രാര്‍ഥനയോടെയാരംഭിച്ചു.

എസ് വൈ എസ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സി പി സൈദലവി ചെങ്ങര ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി, എളമരം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എസ് വൈ എസ് ജില്ല സെക്രട്ടറി അബൂബക്കര്‍ പടിക്കല്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, കെ പി എച്ച് തങ്ങള്‍ പ്രസംഗിച്ചു.
ഇരു ജില്ലാ ഭാരവാഹികള്‍ക്കുമുള്ള രേഖകളും പതാകയും സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി കൈമാറി. സക്രിയ യൗവനത്തിന് കരുത്താവുക എന്ന വിഷയത്തില്‍ പഠന ക്ലാസുകളും പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയും നടന്നു. പ്രതിനിധികളുടെ യുവജന റാലിയോടെയാണ് സമ്മേളനത്തിന് സമാപനമായത്. റാലിക്ക് ഇ കെ മുഹമ്മദ് കോയ സഖാഫി, സയ്യിദ് സീതിക്കോയ തങ്ങള്‍, ടി അലവി പുതുപറമ്പ്, എന്‍ എം സ്വാദിഖ് സഖാഫി, വി പി എം ബശീര്‍, കെ പി ജമാല്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, എ പി ബശീര്‍, കരുവള്ളി അബ്ദുറഹീം നേതൃത്വം നല്‍കി.