പോലീസ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ ഇന്നുമുതല്‍

Posted on: January 28, 2019 12:25 pm | Last updated: January 28, 2019 at 12:25 pm
ദേശീയ പോലീസ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി എം എസ് പി ഗ്രൗണ്ടില്‍ നടക്കുന്ന അവസാനഘട്ട ഒരുക്കങ്ങള്‍

മലപ്പുറം: ദേശീയ പോലീസ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് മലപ്പുറത്ത് തുടക്കമാവും. 67ാമത് ബി എന്‍ മല്ലിക്ക് ചാമ്പ്യന്‍ഷിപ്പിനാണ് ജില്ലയിലെ പാണ്ടിക്കാട്, ക്ലാരി, നിലമ്പൂര്‍, മലപ്പുറം സ്‌റ്റേഡിയങ്ങള്‍ വേദികളാവുക. പാണ്ടിക്കാട് ഐ ആര്‍ ബി എന്‍ ഗ്രൗണ്ടില്‍ രാവിലെ 6.30 ന് സിഐ എസ് എഫും ആര്‍ പി എഫും തമ്മിലും ക്ലാരി ആര്‍ ആര്‍എഫ് ഗ്രൗണ്ടില്‍ മിസോറം പോലീസും രാജസ്ഥാന്‍ പോലീസും തമ്മിലും ഏറ്റുമുട്ടുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും.

8.30ന് ജമ്മു കശ്മീരും ത്രിപുരയും തമ്മിലും ആസം റൈഫിള്‍സും മധ്യ പ്രദേശ് പോലീസും മത്സരിക്കും. 37 ടീമുകളില്‍ നിന്നും 800 ഓളം താരങ്ങളാണ് ടൂര്‍ണമെന്റിനായി എത്തിയിരിക്കുന്നത്. എട്ടു ഗ്രൂപ്പുകളില്‍ നിന്നും രണ്ട് ടീമുകള്‍ വീതം പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. പൂള്‍ എ യില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ബി എസ് എഫ്, കരുത്തരായ നാഗാലാന്റ് പോലീസ്, ഇന്തോടി ബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ഒഡിഷ ടീമുകളും ബിയില്‍ ശക്തരായ പഞ്ചാബ് പോലീസ്, ഡല്‍ഹി, ലക്ഷദ്വീപ്, ജാര്‍ഖണ്ഡും സിയില്‍ മണിപ്പൂര്‍ മികച്ച ടീമാണ്. പുറമെ ചത്തീസ് ഗഡ്, മേഘാലയ, ഡിയില്‍ മിസോറാമും ആസാം റൈഫിള്‍സും പോരാട്ട വീര്യമുള്ള ടീമുകളാണ്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശുമുണ്ട്.

പൂള്‍ ഇയില്‍ കേരള പോലീസും ആസാം പോലീസും മഹാരാഷ്ട്രയും സിക്കിം പോലീസും ഒന്നിനൊന്ന് കിടപിടിക്കുന്നവരാണ്. യു പി മാത്രമാണ് താരതമ്യേന ദുര്‍ബലര്‍. എഫില്‍ സി ഐഎസ് എഫ്, ആര്‍ പി എഫ്, ജമ്മുകശ്മീര്‍, ചണ്ഡിഗഡ്, ത്രിപുരയും ജിയില്‍ ഗോവ, ഹരിയാന, തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, പോണ്ടിച്ചേരിയും എച്ച് പൂളില്‍ സി ആര്‍ പി എഫും ബംഗാളും ആന്ധ്രയും തെലങ്കാനയും വിവിധ ദിവസങ്ങളില്‍ മത്സരിക്കും. വൈകുന്നേരം നാലിന് എം എസ് പി ഗ്രൗണ്ടില്‍ ഓപണിംഗ് സെറിമണി നടക്കും. ചടങ്ങില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍ എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിംങ് (എ വി എസ് എം വി ആര്‍ സി വി എസ് എം) മുഖ്യാതിഥിയാവും. ഡി ജി പി ലോക്‌നാഥ് ബെഹ്‌റ, എ ഡി ജി പി അനില്‍കാന്ത്, (ചെയര്‍മാന്‍ ഓര്‍ഗനൈസിംങ് കമ്മിറ്റി), തൃശ്ശൂര്‍ റേഞ്ച് ഐജി കെ അജിത്കുമാര്‍, ഡി ഐജി എ പി ബറ്റാലിയന്‍ പി പ്രകാശ്, വിവിധ ജില്ലാ പോലീസ് മേധാവികള്‍, കമ്മാന്റന്റുമാര്‍ പങ്കെടുക്കും. തുടര്‍ന്ന് ഏഴിന് ആതിഥേയരായ കേരള പോലീസും സിക്കിം പോലീസും തമ്മില്‍ പോരാട്ടം നടക്കും.

മത്സരത്തിന് അതേസമയം തന്നെ പാണ്ടിക്കാടില്‍ ഗോവയും ഹരിയാനയും തമ്മിലും ഒമ്പത് മണിക്ക് മലപ്പുറത്ത് മഹാരാഷ്ട്ര പോലീസ്‌ യു പി, പാണ്ടിക്കാട് തമിഴ്‌നാട് പോണ്ടിച്ചേരി, ക്ലാരിയില്‍ ലക്ഷദ്വീപും ജാര്‍ഖണ്ഡും തമ്മിലും മത്സരങ്ങള്‍ നടക്കും. സംസ്ഥാനം നാലാം തവണയാണ് പോലീസ് ഫുട്‌ബോളിന് വേദിയാവാനൊരുങ്ങുന്നത്.
ചരിത്രത്തിലാദ്യമായാണ് ഫ്‌ളഡ്‌ലൈറ്റ് സംവിധാനം ഒരുക്കുന്നത്. ക്ലാരി, പാണ്ടിക്കാട്, മലപ്പുറം എന്നിവടങ്ങളിലാണ് ഫ്‌ളഡ്‌ലിറ്റ് സംവിധാനം. ഫിഫാ നിയമത്തില്‍ നിന്നും മാറി പോലീസ് ജയത്തിന് രണ്ട് പോയിന്റാണുള്ളത്.