ഉത്തരക്കടലാസ് പുനഃപരിശോധനാ വിവാദം: കര്‍ശന നടപടിയുമായി പരീക്ഷാഭവന്‍

Posted on: January 28, 2019 12:13 pm | Last updated: January 28, 2019 at 12:14 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് പുന:പരിശോധനാ നടപടികളില്‍ വീഴ്ചയുണ്ടാകുന്നതിനെതിരെ കര്‍ശന നടപടിയുമായി പരീക്ഷാഭവന്‍.

ഔദ്യോഗിക കൂടിയാലോചനകളില്ലാതെ ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനെതിരെയാണ് പരീക്ഷാഭവന്‍ നടപടികള്‍ ശക്തമാക്കിയത്. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് സ്വന്തം താത്പര്യപ്രകാരം യാതൊരു കൂടിയാലോചനകളുമില്ലാതെ പുന: പരിശോധനയ്ക്ക് അയച്ച സെക്ഷന്‍ ഓഫീസര്‍ പി വി പ്രഭാകരനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രൊഫഷനല്‍ കോഴ്‌സ് വിഭാഗത്തിലെ ഉത്തരക്കടലാസ് പുന: പരിശോധനയുടെ ചുമതലയുള്ള സെക്ഷന്‍ ഓഫീസര്‍ക്കെതിരെയാണ് നടപടിയുണ്ടായത്.

എം ബി എ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ 41 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മേല്‍ ഉദ്യോഗസ്ഥരും മോണിറ്ററിംഗ് സെക്ഷനും മറ്റും അറിയാതെ അധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിന് അയച്ചതാണ് നടപടിയിലേക്ക് നയിച്ചത്. ഈ പരീക്ഷയുടെ ഫലപ്രഖ്യാപനം അധികൃതര്‍ തടയുകയും ചെയ്തിട്ടുണ്ട്.

മാര്‍ക്കില്‍ കൃത്രിമം കാട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും തീരുമാനമുണ്ടെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി വി ജോര്‍ജ്ജ്കുട്ടി വ്യക്തമാക്കി.