യുപിയില്‍ ക്രിമിനലുകളുമായുണ്ടായ ഏറ്റ് മുട്ടലിനിടെ പോലീസുകാരന്‍ കൊല്ലപ്പെട്ടു

Posted on: January 28, 2019 10:24 am | Last updated: January 28, 2019 at 12:05 pm

ലക്‌നൗ: യുപിയിലെ അംറോഹയില്‍ ഞായറാഴ്ച രാത്രി ക്രിമിനലുകളുമായുണ്ടായ ഏറ്റ്മുട്ടലിനിടെ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ക്രിമിനലുകളുമായുണ്ടായ വെടിവെപ്പിനിടെയാണ് 26കാരനായ ഹാര്‍ഷ് ചൗധരി കൊല്ലപ്പെട്ടത്.

പോലീസ് തിരയുന്ന ക്രിമിനലുകള്‍ ബച്ചരോണ്‍ മേഖലയിലെത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് എത്തിയത്. 19 കേസുകളില്‍ പ്രതിയായ ക്രിമിനലിനോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ പോലീസിനു നേരെ വെടിവെക്കുകയായിരുന്നു. ഹാര്‍ഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാര്‍ഷിന്റെ ഭാര്യക്ക് 40 ലക്ഷം രൂപയും മാതാപിതാക്കാള്‍ക്ക് പത്ത് ലക്ഷം രൂപയും യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും.