മോഷണ ശ്രമത്തിനിടെ കൊലപാതകം; നാല് യമനികളെ വധശിക്ഷക്കു വിധേയമാക്കി

Posted on: January 28, 2019 10:01 am | Last updated: January 28, 2019 at 10:01 am

ദമ്മാം: മോഷണ ശ്രമത്തിനിടെ പാകിസ്ഥാനി പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിനു നാലു യമനികളെ വധശിക്ഷക്ക് വിധേയമാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അലി സാലിം ഇബ്രാഹീം യഹ്‌യീ, അബ്ദുസ്വമദ് അര്‍സാന്‍, യഹ്‌യീ ആയിഷ് മസ്ഊദ്ബഹീത്, യാസീന്‍ മുഹമ്മദ് അലി എന്നിവരെയാണ് മക്കയില്‍ വധശിക്ഷക്കു വിധേയമാക്കിയത്.2010ല്‍ അറഫയിലാണ് സംഭവം നടന്നത്.അറഫയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന കേബിളുകള്‍ മോഷ്ടിക്കാനെത്തിയ സംഘം പാറാവ് നിന്ന പാകിസ്ഥാനിയെ കൈകാലുകള്‍ ബന്ധിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

50 വയസ്സുകരാനായ പാകിസ്ഥാനി ഗോഡൗണിനു സമീപം മരിച്ചു കിടക്കുന്നതായി കണ്ടെത്തിയ ചിലര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്‍െയും അടയാളങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാളെ പിടികൂടി. ഇയാളെ വിശദമായി ചോദ്യ ചെയ്തതില്‍ നിന്നു മറ്റു ആറുപേരെ പങ്കാളികളാണെന്ന് കണ്ടെത്തുകയും അവരെ പിടികൂടുകയും ചെയ്തു. കേബിള്‍ മോഷ്ടിക്കാനുദ്ദേശിച്ചാണ് പാകിസ്ഥാനിയെ കൊലപ്പെടുത്തിയതെങ്കിലും വന്‍ ശേഖരമുള്ളതിനാല്‍ അവ കടത്തി കൊണ്ടു പോവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും വേഗം രക്ഷപ്പെട്ടു.കൊലപാതകത്തില്‍ പങ്കുള്ള നാലു പേര്‍ക്കെതിരെ കോടതിയില്‍ കുറ്റ പത്രം സമര്‍പിക്കുകയും രാജ്യത്തിന്റെ നിയമം അനുസരിച്ച് നാലു പേരേയും വധശിക്ഷക്കു വിധിക്കുകയുമായിരുന്നു. മേല്‍ കോടതിയും റോയല്‍ കോടതിയും വിധി അംഗീകരിച്ചതോടെ നാലു പേരേയും വധ ശിക്ഷക്കു വിധേയമാക്കുകയായിരുന്നു.