മുസഫര്‍ നഗര്‍ കലാപം: പതിനെട്ട് കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍

Posted on: January 28, 2019 9:24 am | Last updated: January 28, 2019 at 10:55 am

ലക്‌നൗ: മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട 18 കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍ തീരുമാനിച്ചു. യുപിയുടെ പ്രത്യേക നിയമ സെക്രട്ടറി ജെജെ സിംഗ് മുസഫര്‍നഗര്‍ ജില്ലാ മജിസ്‌ട്രേറ്റായ രാജീവ് ശര്‍മക്ക് ഇതിനായി നിര്‍ദേശം നല്‍കി. ഇതനുസരിച്ച് കേസ് പിന്‍വലിക്കാനുള്ള അനുമതി തേടി കോടതിയെ സമീപിക്കാന്‍ അധിക്യതകര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ ചേര്‍ത്ത് ഫയല്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കാന്‍ സര്‍ക്കാറൊരുങ്ങുന്നത്. നേരത്തെ കലാപവുമായി ബന്ധപ്പെട്ട 125 കേസുകളുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തേടിയിരുന്നു. 2013 ആഗസ്റ്റ് , സെപ്തംബര്‍ മാസങ്ങളിലായി നടന്ന കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000ത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ബിജെപിയുടെ നിരവധി നേതാക്കള്‍ കേസിലുള്‍പ്പെട്ടിരുന്നു. ഇതില്‍ 175 കേസുകളിലായി 6,869 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.