വിവാദ പ്രസ്താവന; കനേഡിയന്‍ സ്ഥാനപതി പുറത്ത്

Posted on: January 28, 2019 12:17 am | Last updated: January 28, 2019 at 12:17 am

ടൊറന്റോ: വിവാദ പ്രസ്താവനയെ തുടര്‍ന്ന് ചൈനയിലെ കനേഡിയന്‍ സ്ഥാനപതി ജോണ്‍ മക്‌കെല്ലമിനെ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ പുറത്താക്കി. ചൈനയിലെ വാവേ ടെക്‌നോളജീസ് മേധാവിയുടെ മകളും കമ്പനി എക്‌സിക്യൂട്ടീവുമായ മെംഗിനെ വിചാരണക്കു വിട്ടുതരണമെന്ന ആവശ്യത്തില്‍ നിന്നും അമേരിക്ക പിന്മാറുകയാണു നല്ലതെന്ന പ്രസ്താവനയാണ് മക്‌കെല്ലമിന്റെ പുറത്താകലിനു വഴിതെളിച്ചത്.

കാനഡയിലെ വാന്‍കൂവറില്‍ വച്ച് അറസ്റ്റിലായ മെംഗ് നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. പരസ്പരം കുറ്റവാളികളെ കൈമാറുന്ന കരാറില്‍ ഒപ്പുവച്ചിട്ടുള്ള രാഷ്ട്രങ്ങളാണ് കനഡയും അമേരിക്കയും. സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായ രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയതാണ് മക്‌കെല്ലമിന് തിരിച്ചടിയായത്. ട്രംപ് ഭരിക്കുന്ന അമേരിക്കയെക്കാള്‍ ചൈനയുമായാണ് കാനഡ കൂടുതല്‍ സഹകരിക്കേണ്ടതെന്ന മക്‌കെല്ലമിന്റെ മുന്‍ പ്രസ്താവനയും വിവാദമായിരുന്നു.