പാര്‍ട്ടി ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിന് അനുകൂലമായി പോലീസ് റിപ്പോര്‍ട്ട്

Posted on: January 27, 2019 9:36 pm | Last updated: January 27, 2019 at 11:23 pm

തിരുവനന്തപുരം: മുന്‍ ഡി സി പി. ചൈത്ര തെരേസ ജോണ്‍ സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായല്ലെന്ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സൂചന. ഓഫീസിലെ റെയ്ഡിനു ശേഷം ഡി സി പി തിരുവനന്തപുരം അഡീഷണല്‍ സി ജെ എം കോടതിയില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്നും പോലീസ് സ്‌റ്റേഷനില്‍ ജി ഡി എന്‍ട്രി രേഖപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനു കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ മേട്ടുക്കടയിലുള്ള സി പി എം ഓഫീസിലുണ്ടെന്നു വിവരം കിട്ടിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നാണ് ചൈത്ര വകുപ്പിലെ മേലധികാരികള്‍ക്ക് വിശദീകരണം നല്‍കിയത്. അടുത്ത ദിവസം തന്നെ കോടതിയെ റെയ്ഡ് വിവരങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.

ചൈത്രയെ കൂടാതെ റെയ്ഡ് സമയത്ത് അവര്‍ക്കൊപ്പമുണ്ടായിരുന്ന മെഡിക്കല്‍ കോളജ് സി ഐയില്‍ നിന്നും ഐ ജിയുടെ ചുമതല വഹിക്കുന്ന എ ഡി ജി പി. മനോജ് എബ്രഹാം വിശദീകരണം തേടിയിരുന്നു.
ഡി സി പിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥയുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണമാണ് സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പോലീസുകാര്‍ നല്‍കിയത്. വളരെ കുറഞ്ഞ സമയം മാത്രമാണ് പാര്‍ട്ടി ഓഫീസിലുണ്ടായിരുന്നതെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ 24നാണ് പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് നടന്നത്. ഇതിനു പിന്നാലെ തിരുവനന്തപുരം ഡി സി പിയുടെ അധിക ചുമതലയില്‍ നിന്ന് ചൈത്ര തെരേസ ജോണിനെ നീക്കിയിരുന്നു. ചട്ടവിരുദ്ധമായാണ് റെയ്ഡ് നടത്തിയതെന്നും ചൈത്രക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ഡി ജി പിക്കു പരാതി നല്‍കിയത്.