പ്രകൃതി സൗഹൃദ വാതക വിതരണ ശൃംഖല ശക്തമാക്കും, കൊച്ചിന്‍ റിഫൈനറി രാജ്യത്തിന് അഭിമാനം: പ്രധാനമന്ത്രി

Posted on: January 27, 2019 6:14 pm | Last updated: January 27, 2019 at 10:57 pm

കൊച്ചി: കേരളത്തിലേയും സമീപ ജില്ലകളിലേയും ലക്ഷക്കണക്കിന് പേര്‍ക്ക് ശുദ്ധമായ ഇന്ധനം എത്തിച്ചു കൊണ്ട് മഹത്തായ സേവനമാണ് കൊച്ചിന്‍ റിഫൈനറി കഴിഞ്ഞ അമ്പത് വര്‍ഷമായി നിര്‍വഹിച്ചു പോരുന്നതെന്നും ബി പി സി എല്ലിന്റെ ഐ ആര്‍ ഇ പി പദ്ധതി കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി പി സി എല്‍ കൊച്ചി റിഫൈനറിയുടെ സംയോജിത റിഫൈനറി വികസന പദ്ധതി (ഐ ആര്‍ ഇ പി) രാജ്യത്തിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികസനത്തിന് കൊച്ചിന്‍ റിഫൈനറി സുപ്രധാന പങ്കാണ് വഹിക്കുന്നത്. രാജ്യം റിഫൈനറി ഹബ്ബായി മാറുകയാണ്. പദ്ധതി കൊച്ചിയിലെ വ്യവസായ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും കൊച്ചിയിലേക്ക് പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ എത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച തൊഴിലാളികളെയും മോദി പ്രശംസിച്ചു.

വായു മലിനീകരണമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രകൃതി സൗഹൃദ വാതകത്തിന്റെ ഉപയോഗം കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സിറ്റി ഗ്യാസ് പദ്ധതി വഴി പ്രകൃതി സൗഹൃദവാതക വിതരണശൃംഖല ശക്തമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പദ്ധതിയില്‍ നാനൂറ് ജില്ലകളെ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പ്രകൃതി സൗഹൃദ വാതകഉപഭോഗം വ്യാപിപ്പിച്ചു കൊണ്ട് ക്രൂഡോയില്‍ ഉത്പാദനം കുറച്ചു കൊണ്ടുവരാം എന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പെട്രോ കെമിക്കല്‍ ക്ലോപക്‌സിന്റെ നിര്‍മ്മാണം ബി പി സി എല്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യമേഖല ഉള്‍പ്പെടെ വിവിധ രംഗങ്ങള്‍ക്ക് ഇതു ഗുണപ്രദമാക്കും. കോസമറ്റിക്, സര്‍ജറി, തുടങ്ങി വിവിധ മേഖലകളില്‍ പല ആവശ്യങ്ങള്‍ക്കും അന്യരാജ്യങ്ങളെ ആശ്രയിക്കുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നും അസംഖ്യം ഉപോത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പെട്രോ കെമിക്കല്‍ ക്ലോപക്‌സുകള്‍ക്ക് സാധിച്ചാല്‍ അത് അഭിമാനകരമായ നേട്ടമായി മാറുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

2016 മെയ് മുതല്‍ ആറ് കോടിക്കടുത്ത് എല്‍ പി ജി കണക്ഷനുകളാണ് രാജ്യത്തെ ഏറ്റവും ദരിദ്ര വിഭാഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്. പഹല്‍ പദ്ധതിയിലൂടെ ഉപഭോക്താക്കളുടെ കണക്കുകളില്‍ സുതാര്യത കൊണ്ടു വരികയും സബ്‌സിഡി സംവിധാനം കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുകയും ചെയ്തു.

ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍, ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.