പൊതു മേഖലയുടെ വളര്‍ച്ചക്ക് അനുകൂല നിലപാടാണ് കേരളത്തിന്റെതെന്ന് മുഖ്യമന്ത്രി

Posted on: January 27, 2019 5:36 pm | Last updated: January 27, 2019 at 8:53 pm

കൊച്ചി: പൊതു മേഖലയുടെ വളര്‍ച്ചക്കും വികസനത്തിനും ഉതകുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്ര പദ്ധതികള്‍ക്ക് വലിയ നികുതിയിളവാണ് നല്‍കിയിട്ടുള്ളത്. ബി പി സി എല്‍ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, എര്‍ത്ത് മൂവേര്‍സ് ലിമിറ്റഡ് എന്നിവയുടെയെല്ലാം വികസനത്തിന് മുന്‍കൈ എടുക്കുന്നതും സംസ്ഥാനമാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസന കാര്യങ്ങളും സംസ്ഥാനമാണ് ഏറ്റെടുത്ത് ചെയ്യുന്നത്. പൊതു മേഖലയുടെ വികസനമെന്നത് സംസ്ഥാനത്തിന്റെ നയപരമായ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളെയെല്ലാം മെച്ചപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാനം സ്വീകരിക്കുന്നത്. നാളെ ഉദ്ഘാടനം ചെയ്യുന്ന ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പദ്ധതിക്കായി ചെലവായത് 16504 കോടി രൂപയാണ്. കേരളത്തിന്റെ ചരിത്രത്തിലെത്തന്നെ വലിയ വികസന പദ്ധതി എന്ന നിലയ്ക്ക് വലിയ നികുതിയിളവാണ് നല്‍കിയത്. ഇതിനായി ഭൂമി ഏറ്റെടുത്ത് നല്‍കിയതടക്കം സംസ്ഥാന സര്‍ക്കാരാണ്.

സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ തുടങ്ങാന്‍ പോകുന്ന പെട്രോ കെമിക്കല്‍ പാര്‍ക്ക് ഒരു ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ളവയാണ്. ഇതിനായി ഫാക്ടിന്റെ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ നിരവധി പദ്ധതികളിലൂടെ കേരളം രാജ്യത്തെ പൊതുമേഖലക്ക്് മാതൃകയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.