ക്രുണാല്‍ കസറി; ഇന്ത്യ എക്ക് മൂന്നാം വിജയം, പരമ്പര

Posted on: January 27, 2019 7:20 pm | Last updated: January 27, 2019 at 7:20 pm

തിരുവനന്തപുരം: ഇന്ത്യന്‍ യുവനിര മുന്നോട്ടു വച്ചത് 172 റണ്‍സ് മാത്രം. പക്ഷെ ഇംഗ്ലണ്ട് ലയണ്‍സ് 40 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും 112 റണ്‍സിന് കൂടാരം കയറി. ഇതോടെ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എ ടീം 60 റണ്‍സിന് വിജയക്കൊടി പാറിക്കുകയും അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കുകയും ചെയ്തു.

5.5 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റുകള്‍ പിഴുത ക്രുണാല്‍ പാണ്ഡ്യയാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ക്രുണാല്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും. അക്‌സര്‍ പട്ടേല്‍, നവദീപ് സായ്‌നി എന്നിവര്‍ രണ്ടു വീതവും ചാഹര്‍ ഒന്നും വിക്കറ്റെടുത്തു. സന്ദര്‍ശകരുടെ ബാറ്റിംഗ് നിരയില്‍ ആറുപേര്‍ രണ്ടക്കം കാണാതെ മടങ്ങിയപ്പോള്‍ 39 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റാണ് കുറച്ചെങ്കിലും പൊരുതിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു വേണ്ടി ചാഹര്‍ 39ഉം ഇഷാന്‍ 30ഉം റണ്‍സ് നേടി. സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബി സി സി ഐ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങിയ ശേഷം ആദ്യമായി കളത്തിലിറങ്ങിയ കെ എല്‍ രാഹുല്‍ 13 റണ്‍സെടുത്തു പുറത്തായി. നായകന്‍ അജിങ്ക്യ രഹാനെ സ്‌കോര്‍ ബോര്‍ഡ് തുറക്കാതെ മടങ്ങി. ഇന്ത്യയെ വരിഞ്ഞുമുറുക്കിയ ഇംഗ്ലണ്ടിന്റെ ജാമി ഒവര്‍ട്ടന്‍ മൂന്നും ലെവിസ് ഗ്രിഗറി, മാത്യു കാര്‍ട്ടെര്‍, വില്‍ ജാക്‌സ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.