മുഖ്യമന്ത്രിയുടെ വിമാനത്തിന് യന്ത്രത്തകരാര്‍; യാത്ര വൈകി

Posted on: January 27, 2019 2:26 pm | Last updated: January 27, 2019 at 7:52 pm

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലേക്ക് പോകാനിരുന്ന വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. നാവിക സേനയുടെ വിമാനമാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കേണ്ടി വന്നത്. 12.45 ഓടെയാണ് കണ്ണൂര്‍

വിമാനത്താവളത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ വിമാനം പുറപ്പെടാനിരുന്നത്. എന്നാല്‍, വിമാനത്തിന്റെ ബാറ്ററി കേടായതിനാല്‍ ടേക്ക് ഓഫ് ചെയ്യാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. യന്ത്രത്തകരാന്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കുള്ള സൗകര്യമൊരുക്കി.

കണ്ണൂര്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്കായി പുറപ്പെടാനിരുന്നതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയും സംഘവും വിമാനത്തില്‍ കയറിയിരുന്നു. ഈ സമയത്താണ് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടത്.