Connect with us

Kerala

ഒരു ദേശാടന പക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറുന്നുണ്ട്, ആപത്ത് വരുന്നു: മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍: ഒരു ദേശാടന പക്ഷിക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്നും മരുഭൂമിയില്‍ നിന്നുള്ള ദേശാടനപക്ഷി കേരളത്തിന് എത്തുന്നത് നാടിന് ആപത്താണെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ ജൈവ വൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഭിന്ന കാലാവസ്ഥാ പ്രദേശമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. നമ്മുടെ നാടിന്റെ പഴയ കാലാവസ്ഥക്ക് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. നാട്ടിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ കാലാവസ്ഥാ മാറ്റത്തിനുള്ള തെളിവുകളുണ്ട്. നമ്മുടെ നാട്ടില്‍ ദേശാടനപക്ഷികള്‍ വരാറുണ്ട്. ഒരു ദേശാടന പക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറുന്നുണ്ട്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്ന ഒന്നാണ്. കുറച്ച് ഭയചകിതരാക്കുന്നുമുണ്ട്. കാരണം അത് മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടനപക്ഷികളാണ്. എന്തൊരാപത്താണ് വരാന്‍ പോകുന്നതെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.

വിഷുവിന് മാത്രം കണ്ടിരുന്ന കൊന്ന ഏത് കാലത്തും പൂക്കുന്ന അവസ്ഥയാണ്. ഇതൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റമാണ് കാണിക്കുന്നത്. കേരളത്തിന്റെ അന്തരീക്ഷ താപനില ഓരോ വര്‍ഷവും കൂടുകയാണ്. 1984 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ഹൈറേഞ്ചിലെ ചൂട് ശരാശരി 1.46 ശതമാനം വര്‍ധിച്ചതായി കാര്‍ഷിക സര്‍വകലാശാലയുടെ കണക്കുകളുണ്ട്.

ഉഷ്ണതരംഗവും സൂര്യതാപവും മുമ്പ് വടക്കേ ഇന്ത്യയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇത് കേരളത്തില്‍ ഇടക്കിടെ ഉണ്ടാകുന്നുണ്ട്. കേരളത്തിന്റെ അതിസമ്പന്നമായ ജൈവ വൈവിധ്യമായ കലവറ നാം സംരക്ഷിക്കണം. ഏതൊരു നാടിന്റേയും ജീവനാഡിയാണ് ജൈവ വൈവിധ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest