Connect with us

National

ബുലന്ദ്ശഹര്‍ കലാപം: കൊല്ലപ്പെട്ട പോലീസുകാരന്റെ ഫോണ്‍ പ്രതിയുടെ വീട്ടില്‍ കണ്ടെത്തി

Published

|

Last Updated

പ്രതി പ്രശാന്ത് നട്ടു‌ം കൊല്ലപ്പെട്ട പോലീസുകാരൻ സുബോധ് കുമാറും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മരിച്ച പോലീസ് ഓഫീസര്‍ സുബോധ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ പ്രശാന്ത് നട്ട എന്നയാളുടെ വീട്ടില്‍ നിന്നാണ് ഫോണ്‍ അന്വേഷണ സംഘം കണ്ടെടുത്തത്. ഇത് കൂടാതെ മറ്റു അഞ്ച് ഫോണുകളും ഇവിടെ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോണുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ബുലന്ദ്ശഹര്‍ – നോയിഡ അതിര്‍ത്തിയില്‍വെച്ച് കഴിഞ്ഞ ഡിസംബര്‍ 28നാണ് പ്രശാന്ത് അറസ്റ്റിലായത്. സുബോധ് കുമാറിനെ വെടിവെച്ചത് താനാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളും രണ്ട് സഹായികളും ചേര്‍ന്ന് പോലീസുകാരന്റെ റിവോള്‍വര്‍ തട്ടിപ്പറിക്കുന്നതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ പോലീസിന് നേരത്തെ ലഭിച്ചിരുന്നു.

കഴിഞ്ഞ ഡിസംബര്‍ മൂന്നിന് പൊലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റര്‍ മാത്രം അകലെയായിരുന്നു അക്രമം അരങ്ങേറിയത്. നാനൂറോളം വരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്ന സുബോധ് കുമാറിനു നേരെ ആദ്യം കല്ലേറുണ്ടായി. തുടര്‍ന്ന് മറ്റൊരു പ്രതിയായ കലുവ കോടാലി കൊണ്ട് വെട്ടി വിരല്‍ മുറിക്കുകയും തലയ്ക്കടിക്കുകയും ചെയ്തു. സുബോധ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ അദ്ദേഹത്തെ പിടികൂടി വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നീട് സര്‍വീസ് റിവോള്‍വര്‍ കൈക്കലാക്കിയ പ്രശാന്ത് അദ്ദേഹത്തിന്റെ തലയില്‍ വെടിവച്ചു. പൊലീസുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ സുബോധിനെ വടികൊണ്ട് തുടര്‍ന്നും അടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ സുബോധ് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Latest