സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം

Posted on: January 27, 2019 12:27 pm | Last updated: January 27, 2019 at 2:42 pm

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞവരെ പിടികൂടാന്‍ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതി അന്വേഷണത്തിനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദക്ഷിണ മേഖലാ എഡിജിപിക്ക് കൈമാറി.

ബുധനാഴ്ച രാത്രിയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് 50ഓളം പേരടങ്ങിയ ഡി വൈ എഫ് ഐ സംഘം തിരുവനന്തപുരം മെഡി. കോളജ് പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞത്. മുതിര്‍ന്ന നേതാവുള്‍പ്പെടെ 50ഓളം ഡിവൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരെ പിടികൂടാനാണ് ചൈത്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സിപിഎം ഓഫീസില്‍ റെയഡ്് നടത്തിയത്.

ഇതിന് പിന്നാലെ ഡി സി പിക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാ നേതൃത്വം പാര്‍ട്ടി നേതൃത്വത്തെയും ഡി ജി പിയെയും സമീപിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈത്ര തെരേസ ജോണിനോട് നേരിട്ട് വിശദീകരണം തേടിയിരുന്നു. ചൈത്രയെ ഡിസിപി ചുമതലയില്‍ നിന്ന് ഒഴിവാക്കി വനിതാ സെല്ലിലേക്ക് തിരിച്ചയക്കുകയും ചെയ്തു.