Connect with us

International

ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 40 ആയി; മൂന്നൂറിലേറെപ്പേരെ കാണാതായി

Published

|

Last Updated

റിയോ ഡി ജനീറോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പ്പത് ആയി. മൂന്നൂറിലേറെപ്പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങളും ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

വാലെ കമ്പനിയിലെ ഖനനത്തെ തുടര്‍ന്നുള്ള ഇരുമ്പ് മാലിന്യം കലര്‍ന്ന വെള്ളം പൊട്ടിയൊഴുകിയതാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണം. ഖനിയിലെ ഭക്ഷണശാല മണ്ണും ചെളിയും കൊണ്ട് മൂടി. തൊഴിലാളികള്‍ ഇവിടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാണാതായവരെ ജീവനോടെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് അധികൃതര്‍ പറയുന്നു.

തെക്ക് കിഴക്കന്‍ ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തില്‍പ്പെടുന്ന ബ്രുമാഡിഞ്ഞോയിലെ ഇരുമ്പയിര് ഖനിയിലെ അണക്കെട്ടാണ് തകര്‍ന്നത്. അണക്കെട്ട് തകരാനുള്ള കാരണം വ്യക്തമല്ല.

റോഡുകള്‍ തകര്‍ന്നതിനാല്‍ അതുവഴിയുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായിരിക്കുകയാണ്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 1976ല്‍ നിര്‍മിച്ച അണക്കെട്ടാണ് തകര്‍ന്നത്.

Latest