Connect with us

National

'ഗോ ബാക്ക് മോദി'; തമിഴ്‌നാട്ടില്‍ മോദിക്കെതിരെ കടുത്ത പ്രതിഷേധം

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള കടുത്ത പ്രതിഷേധം ബിജെപിക്ക് തലവേദനയാകുന്നു. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗോടെയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായത്. മധുരയിലെ എയിംസ് ആശുപത്രിയുടെ തറക്കല്ലിടലിനാണ് മോദി തമിഴ്‌നാട്ടിലെത്തുന്നത്. പതിനായിരക്കണക്കിന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളുമാണ് പ്രചരിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഈ ഹാഷ് ടാഗാണ് മുന്നില്‍.

തമിഴ്‌നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് മോദിക്കെതിരെ പ്രതിഷേധമുയരുന്നത്.
സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ദുരിതത്തിലായ തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഗജ ചുഴലിക്കാറ്റില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വീട് നഷ്ടമായത്. എന്നാല്‍ ഇതുവരെയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് സഹായമുണ്ടായില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

കൂടാതെ കാവേരി ജലതര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നും തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നും ്പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നു. തമിഴനാട്ടില്‍ നേരത്തെയും മോദി ഗോ ബാക്ക് ക്യാമ്പയിന്‍ നടന്നിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ മോദി ചെന്നൈ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്. പ്രധാനമന്ത്രി പോകുന്ന വഴികളിലെല്ലാം പ്രതിഷേധം നടത്തുമെന്നറ എംഡിഎംകെ അറിയിച്ചു.

Latest