പൗരത്വ ബില്ലിനെതിരായ പ്രതിഷേധം;മിസോറാം ഗവര്‍ണറെ കേള്‍ക്കാനാളില്ല

Posted on: January 26, 2019 9:36 pm | Last updated: January 27, 2019 at 10:57 am

ഐസ്വാള്‍ : പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്താല്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ റിപ്പബ്ലിക് ദിന പ്രസംഗം പൊതുജനം ബഹിഷ്‌കരിച്ചു.ഇതേത്തുടര്‍ന്ന് പരിപാടി സംഘടിപ്പിച്ച മൈതാനം ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയായിരുന്നു. മന്ത്രിമാര്‍, നിയമസഭാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ പൊതുജനങ്ങളാരും പ്രസംഗം കേള്‍ക്കുന്നതിന് എത്തിയില്ലെന്നു പോലീസ് പറഞ്ഞു.

പ്രാദേശിക സംഘടനകളും വിദ്യാര്‍ഥി സംഘങ്ങളുമുള്‍പ്പെടുന്ന എന്‍ജിഒ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണു ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. അതിര്‍ത്തി സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
മിസോറം ഗ്രാമീണതല പൗരത്വ റജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതിനായി നടപടികളെടുക്കും. മിസോ വ്യക്തിത്വം, പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.