ചൈത്രയെ മാറ്റിയ നടപടി പ്രതിഷേധാര്‍ഹം;പോലീസിന്റെ ആത്മവീര്യം തകര്‍ക്കും: പ്രതിപക്ഷ നേതാവ്

Posted on: January 26, 2019 9:16 pm | Last updated: January 27, 2019 at 10:57 am

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷന്‍ അക്രമിച്ച പ്രതികളെ പിടികൂടാന്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് നടത്തിയ തിരുവനന്തപുരം ഡപ്യൂട്ടി കമ്മീഷണര്‍ ചൈത്ര തെരേസ ജോണിനെ മാറ്റിയ നടപടി പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ സുരക്ഷയുടെ പേരില്‍ വാചാലരാകുന്ന സര്‍ക്കാര്‍ വനിത പോലീസ്ഉദ്യോഗസ്ഥയെ തന്റെ ഉത്തരവാദിത്വത്തിന്റെ പേരില്‍ സമാന്യ മര്യാദപോലും കാണിക്കാതെ സ്ഥലം മാറ്റിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്ത്രീപീഡകരേയും ഗുണ്ടകളേയും സാമൂഹ്യവിരുദ്ധരേയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ പ്രകടമായ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വഴങ്ങാത്തതിനാണ് തിരുവനന്തപുരം കമ്മീഷണറെ മാറ്റിയത്. ഇതെല്ലാം പോലീസുകാരുടെ ആത്മവീര്യം നശിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.