Connect with us

Kerala

പത്തര കിലോ കഞ്ചാവുമായി എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published

|

Last Updated

എന്‍ ജയകുമാര്‍, അനന്തുരാജു (പ്രതികള്‍)

നിലമ്പൂര്‍: വന്‍ കഞ്ചാവ് ശേഖരവുമായി രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ നിലമ്പൂര്‍ പോലീസ് പിടിയില്‍. കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ അറസ്റ്റിലായത്. പാലക്കാട് കഞ്ചിക്കോട് വാളയാര്‍ സ്വദേശി എന്‍ ജയകുമാര്‍ (24), പത്തനംതിട്ട തിരുവല്ല കടപ്ര സ്വദേശി ചൈത്രം വീട്ടില്‍ അനന്തുരാജു എന്ന അനന്തു (22) എന്നിവരെയാണ് 10.450 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

അനന്തരാജ് കോയമ്പത്തൂര്‍ ചാവടിയിലുള്ള ഒരു എന്‍ജിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കോയമ്പത്തൂരിലെ തന്നെ മറ്റൊരു എന്‍ജിനീയറിംഗ് കോളജിലാണ് ജയകുമാര്‍ പഠിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നുള്ള കഞ്ചാവ് മൊത്തക്കച്ചവടക്കാര്‍ കേരളത്തില്‍ നിന്നുള്ള ഇടനിലക്കാര്‍ വഴി കഞ്ചാവും മയക്കുമരുന്നുകളും കോളജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ വഴി വന്‍ തോതില്‍ വില്‍പ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് മൈലാടി പാലത്തിന് സമീപം കഞ്ചാവുമായി വിതരണത്തിനെത്തിയ പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പിടികൂടിയ കഞ്ചാവ്‌

ഇതര സംസ്ഥാനത്തെ വിവിധ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അവര്‍ താമസിക്കുന്ന ഹോസ്റ്റലിലും മറ്റും എത്തി പരിചയപ്പെട്ട് കഞ്ചാവ് കടത്തുന്നതിനുള്ള കാരിയര്‍മാരാക്കുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുകവലിയും മറ്റ് ലഹരി ഉപയോഗവും ഉള്ളവരെ കണ്ടെത്തി അവര്‍ക്ക് ലഹരി വസ്തുക്കള്‍ സൗജന്യമായി നല്‍കുകയും പിന്നീട് ഇവരെ വലയിലാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള വിദ്യാര്‍ഥികളെ 2000, 3000 രൂപ പ്രതിമാസം നല്‍കിയാണ് സംഘത്തില്‍ ചേര്‍ക്കുന്നത്. കോളജിന്റെ സമീപത്ത് വാടക വീടെടുത്ത് താമസിക്കുന്ന സംഘം പല വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും സംഘത്തോടൊപ്പം കൂട്ടിയിട്ടുണ്ട്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോട് ജാഗ്രത പാലിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലമ്പൂര്‍ സി ഐ. കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സി പി മുരളി, എന്‍ ടി കൃഷ്ണ കുമാര്‍, ടി ശ്രീകുമാര്‍, എം മനോജ് കുമാര്‍, മുഹമ്മദ് ഷാഫി, പ്രദീപ് കുമാര്‍, മാത്യു, റഹിയാനത്ത് എന്നിവരാണുള്ളത്.