ഇ അഹമ്മദിന് ശേഷം മലപ്പുറം മണ്ഡലത്തില്‍ എം പി ഓഫീസില്ല

Posted on: January 26, 2019 4:54 pm | Last updated: January 26, 2019 at 4:55 pm

മലപ്പുറം: ഇ അഹമ്മദിന് ശേഷം മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എം പി ഓഫീസില്ല. അഹമ്മദിന്റെ നിര്യാണത്തിന് ശേഷം ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. ഇദ്ദേഹം മണ്ഡലത്തില്‍ ഓഫീസ് തുറക്കുന്നതിന് പകരം കാരാത്തോട്ടെ സ്വന്തം വസതി ഓഫീസാക്കി മാറ്റുകയാണ് ചെയ്തത്. ഇതാകട്ടെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. ഇ അഹമ്മദ് എം പിയായിരുന്നപ്പോള്‍ മലപ്പുറം മുണ്ടുപറമ്പിലെ കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്നതിനും വിവരങ്ങള്‍ അന്വേഷിക്കുന്നതിനുമെല്ലാം ഇവിടെ ജീവനക്കാരനെയും നിയമിച്ചിരുന്നു.

അഹമ്മദ് ജില്ലയിലെത്തിയാല്‍ ഓഫീസിലെത്തുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അഹമ്മദിന്റെ നിര്യാണത്തിന് ശേഷം ഈ ഓഫീസ് തുറന്നിട്ടില്ല. പി കെ കുഞ്ഞാലിക്കുട്ടിയാകട്ടെ കാരാത്തോട്ടെ വസതിയില്‍ ഉള്ളപ്പോള്‍ മാത്രമാണ് ജനങ്ങള്‍ക്ക് കാണാനാകുക.

രാവിലെയാണ് ജനങ്ങള്‍ക്ക് കാണാന്‍ സമയം നല്‍കാറുള്ളത്. ഇതിന് ശേഷം വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ നിരാശരായി മടങ്ങേണ്ടി വരുന്നു. കുഞ്ഞാലിക്കുട്ടി ജില്ലക്ക് പുറത്താണെങ്കില്‍ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ പോലും വീട്ടില്‍ ആളുണ്ടാകാറില്ല. ജില്ലയിലെ മറ്റ് എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമെല്ലാം അതാത് മണ്ഡലങ്ങളില്‍ സ്വന്തം ഓഫീസുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മലപ്പുറം മണ്ഡലത്തില്‍ മാത്രം ഓഫീസില്ലാതിരിക്കുന്നത്.