Connect with us

Editorial

വെനിസ്വേലന്‍ പ്രതിസന്ധി

Published

|

Last Updated

എക്കാലത്തും അമേരിക്കന്‍വിരുദ്ധ ചേരിയില്‍ ശക്തമായി നിലയുറപ്പിച്ച ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചു വന്ന പ്രസിഡന്റ് നിലനില്‍ക്കെ പ്രതിപക്ഷ നേതാവ് താന്‍ പ്രസിഡന്റാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നു. ഇദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്ക് സൈന്യത്തിന്റെ ആയുധപ്പുരയില്‍ നിന്ന് വെടിക്കോപ്പുകള്‍ ലഭിക്കുന്നു. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ നിലയ്ക്കാത്ത അക്രമാസക്ത പ്രക്ഷോഭത്തില്‍ ആടിയുലയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ നിലയില്ലാ കയത്തിലാണ് രാജ്യം. ജനജീവിതം നരകതുല്യം. പ്രസിഡന്റ് നിക്കോളാസ് മദുറോയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭത്തീ പടര്‍ത്തുന്ന പ്രതിപക്ഷം പറയുന്നത്. പ്രതിപക്ഷ നേതാവ് ജുവാന്‍ ഗുഅയിഡോ സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ജുവാനെ പ്രസിഡന്റായി അംഗീകരിച്ചിരിക്കുകയാണ് അമേരിക്ക. മദുറോ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത് നിയമവിരുദ്ധമായാണെന്നും വെനിസ്വേലയിലെ ജനങ്ങള്‍ ജുവാനെ പ്രസിഡന്റായി കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

അമേരിക്കയുമായുള്ള നയതന്ത്ര, രാഷ്ട്രീയ, സാമ്പത്തിക ബന്ധം സമ്പൂര്‍ണമായി വിച്ഛേദിച്ചുകൊണ്ടാണ് നിക്കോളാസ് മദുറോ ഇതിനോട് പ്രതികരിച്ചത്. “വെനിസ്വേലന്‍ ജനത ആത്മാഭിമാനമുള്ളവരാണ്. അവര്‍ക്കറിയാം അവരുടെ നേതാവ് ആരാണെന്ന്. ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത പ്രസിഡന്റാണ് ഞാന്‍. അമേരിക്കയുമായുള്ള എല്ലാ ബന്ധവും വെനിസ്വേല വിച്ഛേദിക്കുകയാണ്. വാഷിംഗ്ടണിലിരുന്ന് കാരക്കസ് ഭരിക്കാമെന്ന് അമേരിക്ക സ്വപ്‌നം കാണേണ്ടതില്ല. 72 മണിക്കൂറിനകം മുഴുവന്‍ അമേരിക്കന്‍ പ്രതിനിധികളും രാജ്യം വിടണം”- ഇങ്ങനെ പോകുന്നു മദുറോയുടെ ആവേശഭരിതമായ പ്രഖ്യാപനം. അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ആത്മവിശ്വാസം കൊടുക്കുന്ന വാക്കുകള്‍ തന്നെയാണിവ. എന്നാല്‍ രാജ്യത്തിന് മുന്നില്‍ വാ പിളര്‍ന്ന് നില്‍ക്കുന്ന സര്‍വനാശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ വാചകക്കസര്‍ത്തുകള്‍ മതിയാകുമോയെന്നതാണ് ചോദ്യം.
മെയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മദുറോ വന്‍ ഭൂരിപക്ഷം നേടിയിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളൊന്നും ഗോദയിലില്ലാത്ത തിരഞ്ഞെടുപ്പായിരുന്നു അത്. നീതിന്യായ വിഭാഗത്തെ വരുതിയിലാക്കിയാണ് ഈ തിരഞ്ഞെടുപ്പിന് മദുറോ നിയമപരിരക്ഷ നേടിയെടുത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുമുണ്ട്. നിക്കോളാസ് മദുറോയുടെ കഴിവുകേടാണ് പ്രതിസന്ധികളെ ഇത്ര രൂക്ഷമാക്കിയതെന്ന വാദത്തില്‍ കഴമ്പുണ്ട് താനും. എന്നാല്‍ ഇതൊന്നും അമേരിക്കയുടെ ഇടപെടലിന് ന്യായീകരണമാകില്ല. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അവകാശം അമേരിക്കക്കില്ല. വെനിസ്വേല, ക്യൂബ തുടങ്ങിയ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത രാജ്യങ്ങളില്‍ ഇത്തരം അട്ടിമറിക്ക് ശ്രമിക്കുകയെന്നത് എക്കാലത്തും അമേരിക്കയുടെ നയമാണ്. ഇറാഖിലും ഇറാനിലും ലിബിയയിലുമൊക്കെ അതാണ് കണ്ടത്. ആ നിലയില്‍ നോക്കുമ്പോള്‍ വെനിസ്വേലയിലെ പ്രതിപക്ഷത്തിന് പിന്നില്‍ അമേരിക്കയുടെ കരങ്ങളുണ്ടെന്ന വസ്തുത കൂടുതല്‍ വ്യക്തമാകും. പ്രതിപക്ഷ നേതാവിനെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുക വഴി ആ ഇടപെടല്‍ ആധികാരികമാക്കിയിരിക്കുകയാണ് യു എസ്. ഇത് അംഗീകരിക്കാനാകില്ല. റഷ്യ, ചൈന, തുര്‍ക്കി, ക്യൂബ, കാനഡ, ബൊളീവിയ, ബ്രസീല്‍, പെറു, അര്‍ജന്റീന, ഇക്വഡോര്‍, പരാഗ്വേ തുടങ്ങി നിരവധി രാജ്യങ്ങള്‍ മദുറോക്ക് പിന്തുണയുമായി എത്തിയതോടെ അമേരിക്കയുടെ നീക്കങ്ങള്‍ പാളിയിരിക്കുകയാണ്. യു എസ് ഇടപെടലില്‍ യു എന്നും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

1999ല്‍ ഹ്യൂഗോ ഷാവേസ് വെനിസ്വേലയില്‍ അധികാരത്തില്‍ വരികയും രാജ്യത്തിന്റെ എണ്ണ സമ്പത്ത് പൂര്‍ണമായി ദേശസാത്കരിക്കുകയും ചെയ്തതോടെയാണ് അമേരിക്ക അട്ടിമറി ശ്രമം തുടങ്ങിയത്. ലോകവേദികളില്‍ അമേരിക്കയുടെ തൊലിയുരിഞ്ഞ ഷാവേസ് യു എസ് വിരുദ്ധ ചേരിയുടെ മുന്‍നിരയിലേക്ക് ഉയരുകയായിരുന്നു. ഫിദല്‍ കാസ്‌ട്രോയുമായുള്ള സൗഹൃദം അദ്ദേഹത്തെ വീരാരാധനയുടെ തലത്തില്‍ നിര്‍ത്തി. ഷാവേസില്‍ തീര്‍ച്ചയായും പ്രായോഗിക രാഷ്ട്രീയത്തിന്റെ അനന്തമായ ഗുണങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് രാജ്യത്തെ സുസ്ഥിരമായി നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഷാവേസ് ക്യാന്‍സര്‍ ബാധിച്ച് 2013ല്‍ മരിക്കുന്നതിന് മുമ്പ് തന്റെ പിന്‍ഗാമിയായി പ്രിയ ശിഷ്യന്‍ നിക്കോളാസ് മദുറോയെ പ്രഖ്യാപിച്ചിരുന്നു. ഷാവേസാനന്തരം ഭരണസാരഥ്യമേറിയ മദുറോ വാക്കിലും നടപ്പിലും പ്രവൃത്തിയിലും ഷാവേസിനെ അനുകരിച്ചു. പക്ഷേ ഷാവേസിന്റെ നിഴലാകാനേ മദുറോക്ക് കഴിഞ്ഞുള്ളൂ. എണ്ണ വിലയിടിവിലും അമേരിക്കന്‍ ഉപരോധത്തിലും തകര്‍ന്നടിഞ്ഞ രാജ്യത്തെ രക്ഷിക്കാന്‍ ഒരു മരുന്നും അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നില്ല. കറന്‍സിയായ ബൊളിവര്‍ വെറും കടലാസായി അധഃപതിക്കുന്നത് നോക്കിയിരിക്കാനേ സര്‍ക്കാറിനായുള്ളൂ. ഈ പ്രതിസന്ധി കൂടി മുതലെടുത്താണ് പ്രതിപക്ഷം ഇറങ്ങിയതെന്നത് കാണാതിരിക്കാനാകില്ല. അമേരിക്കന്‍ ഇടപെടലിനെ അപലപിക്കുമ്പോള്‍ മദുറോയെ സമ്പൂര്‍ണമായി കുറ്റവിമുക്തമാക്കാനാകില്ലെന്ന് ചുരുക്കം.

Latest