Connect with us

Kerala

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയത് അമൃതില്‍ വിഷം കലര്‍ത്തുന്നതിന് തുല്യം: സെന്‍കുമാര്‍

Published

|

Last Updated

തിരുവനന്തപുരം: മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ രംഗത്ത്. നമ്പി നാരായണന് രാജ്യത്തെ പരമോന്നത ബഹുമതി നല്‍കിയത് അമൃതില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു. അടുത്ത വര്‍ഷം മറിയം റഷീദക്കും ഗോവിന്ദച്ചാമിക്കും അമീറുല്‍ ഇസ്ലാമിനും കൂടി പുരസ്‌കാരം നല്‍കേണ്ടത് കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പത്മ പുരസ്‌കാരത്തിന് അര്‍ഹമായ ഒരു സംഭാവനയും നമ്പി നാരായണന്‍ നല്‍കിയിട്ടില്ല. ഐഎസ്ആര്‍ഒ ചാരക്കേസില്‍ അദ്ദേഹത്തിനെതിെര സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് പത്മ പുരസ്‌കാരം നല്‍കുന്നത് തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു.

പത്മ പുരസ്‌കാരത്തിന് നമ്പി നാരായണനെ നിര്‍ദേശിച്ചവര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. നമ്പി നാരായണന്റെ സംഭാവന എന്താണെന്ന് ആരും പറയുന്നില്ല. ആരാണ് അദ്ദേഹത്തെ നിര്‍ദേശിച്ചത് എന്നും പരിശോധിക്കണം. ഇക്കാര്യങ്ങളില്‍ എല്ലാം മറുപടി ആവശ്യമാണ്. സുപ്രീം കോടതി വിധി വന്ന ശേഷമാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയതെങ്കില്‍ അംഗീകരിക്കുമായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.