ഇന്ത്യന്‍ ഭരണഘടനയും ഭരണകൂടവും

ഭരണഘടന നല്ലതായതു കൊണ്ട് കാര്യമില്ല. അതിനെ നിയന്ത്രിക്കുന്നവരുടെ മാനോഗതി പ്രധാനമാണ് എന്ന നിരീക്ഷണം ഏറെ പ്രസക്തമാണ്. ഓരോ ഇന്ത്യന്‍ പൗരന്റെയും ജാഗ്രതാ പൂര്‍ണമായ ശ്രദ്ധയാണ് ഭരണഘടനയെ അതിന്റെ ശക്തിയില്‍ നിലനിര്‍ത്തുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ത്യന്‍ ജനത അത് അന്നത്തെ ഏകാധിപത്യ ഭരണകൂടത്തിന് കാണിച്ചു കൊടുത്തു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഭരണഘടനാ തത്വങ്ങള്‍ അതിന്റെ വിശാലമായ രാഷ്ട്രീയാര്‍ഥത്തില്‍ നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത ഇന്ത്യന്‍ ജനത കാണിച്ചു കൊടുക്കുക തന്നെ ചെയ്യും.
Posted on: January 26, 2019 1:33 pm | Last updated: January 26, 2019 at 1:34 pm

1950 ജനുവരി 26ന് ഭരണഘടനാടിസ്ഥാനത്തില്‍ ഇന്ത്യ റിപ്പബ്ലിക്കായതിന് ശേഷം 2019 ജനുവരി 26 ആ ഭരണഘടനയിലേക്ക് ശ്രദ്ധ തിരിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ ഓരോ ഇന്ത്യക്കാരനും ബോധ്യമാവും. 69 വര്‍ഷത്തിനിടയില്‍ ഭരണഘടന വിഭാവന ചെയ്ത സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മഹത്തായ ആശയങ്ങള്‍ ഏത് രീതിയിലാണ് ഇന്ത്യക്ക് അകത്ത് അനുഭവപ്പെട്ടത്? ഓരോ ജനുവരി 26നും ഭരണഘടന വായിക്കുമ്പോള്‍ അതില്‍ പുതുമയൊന്നും കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍, അതിനെ യുക്തി പൂര്‍വം വിശകലനം ചെയ്താല്‍ നീതിയും സമത്വവും നിഷേധിക്കപ്പെട്ടവര്‍ക്ക് ഭരണഘടനയാണ് വിമോചനത്തിന്റെ വഴി വെട്ടുന്നത് എന്ന് കാണാന്‍ കഴിയും. 2018ലെ രണ്ട് പ്രധാന കോടതി വിധി അതാണ് കാണിച്ചുതന്നത്. സ്ത്രീ പുരുഷ സമത്വത്തിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും അധികാരമുണ്ടെന്ന വിധിക്ക് അടിസ്ഥാനം ഭരണഘടന മുന്നോട്ടുവെച്ച സമത്വാധികാരം തന്നെയാണ്. അതിന് ശേഷം ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ സ്ത്രീപുരുഷ വിവേചനം പാടില്ല എന്ന വിധിക്കും അടിസ്ഥാനം ഭരണഘടനാ തത്വം തന്നെ. ഇങ്ങനെ ധീരമായ നിലപാടിന് അടിസ്ഥാന ശിലയായി നില്‍ക്കാന്‍ നമ്മുടെ ഭരണഘടനക്ക് കഴിഞ്ഞത് 299 അംഗങ്ങളുള്ള ഭരണഘടനാ സമിതിയുടെ ദീര്‍ഘവീക്ഷണം കൊണ്ടാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് 1934ല്‍ എം എന്‍ റോയി മുന്നോട്ടുവെച്ച കോണ്‍സ്റ്റീറ്റിയൂവന്റ് അസംബ്ലി എന്ന ആശയം അവതരിപ്പിച്ച് 1950 ജനുവരി 26ന് അത് പൂര്‍ത്തീകരിക്കുമ്പോഴേക്കും ഇന്ത്യ സ്വതന്ത്ര്യമായി എന്നത് യാഥാര്‍ഥ്യം. അപ്പോഴും ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലായിരുന്നു. അന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ നിന്നാണ് ഭരണഘടന നിര്‍മിക്കപ്പെട്ടതെങ്കിലും അത് ഉയര്‍ത്തിപ്പിടിച്ച ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണ് ഈ നിമിഷവും നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം.
അതേ അവസരം 69 വര്‍ഷത്തെ നിരന്തരമായ വായനയും വിചിന്തനവും പ്രായോഗികമായ ഇടപെടലുകളുമുണ്ടായിട്ടും രാജ്യത്തെ ബഹുഭൂരിപക്ഷത്തിനും അതിന്റെ ഗുണം ലഭ്യമായില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ പാര്‍ശ്വവത്കൃത ജനതയുടെ ജീവിത സാഹചര്യങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു. ഇതിന് കാരണം ഭരണഘടനയെ മുന്‍നിര്‍ത്തി ഭരണകൂടത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ്. അതിനു കാരണമായ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് മാത്രമേ അതിന്റെ രാഷ്ട്രീയത്തെ മനസ്സിലാക്കാന്‍ കഴിയൂ. കോളനി വാഴ്ചക്ക് എതിരെ നടന്ന സ്വാതന്ത്ര്യ സമരം വിജയത്തിലെത്തിയപ്പോള്‍ സാങ്കേതികമായി രാജ്യം സ്വാതന്ത്ര്യമായപ്പോഴും ഇന്ത്യയില്‍ അനിവാര്യമായി നടക്കേണ്ട സാമൂഹിക വിപ്ലവത്തിന്റെ അഭാവം സൃഷ്ടിച്ച അസമത്വം ഇന്നും നിലനില്‍ക്കുകയാണ്.

അത്തരമൊരു സാമൂഹിക വിപ്ലവത്തിന്റെ വിത്ത് വീണ മണ്ണാണ് കേരളം. 1888കള്‍ക്ക് മുമ്പ് തന്നെ കേരളത്തില്‍ അത് പ്രകടമായിരുന്നു. ആ നവോത്ഥാനത്തിന്റെ തണലിലാണ് കേരളം അതിന്റെ പുരോഗമന ബോധത്തെ വളര്‍ത്തിക്കൊണ്ടുവന്നത്. ഇന്ത്യയിലെ ഇതര ദേശസമൂഹങ്ങള്‍ക്ക് മാതൃകയായി കേരളത്തിലെ സാമൂഹിക ജിവിതാവസ്ഥ വളര്‍ന്നത് അതുകൊണ്ടാണ്. എന്നാല്‍, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇത്രത്തോളം ആഴത്തില്‍ നവോത്ഥാന ഇടപെടല്‍ സംഭവിച്ചില്ല. എന്നിട്ടും കേരളത്തില്‍ അസമത്വം നിലനിന്നു.

രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക അസമത്വത്തെ അനുഭവിച്ച വ്യക്തിയായിരുന്നു ഭണഘടനാശില്‍പ്പിയായ ഡോ. ബി ആര്‍ അംബേദ്കര്‍. അതുകൊണ്ടാണ് ജാതിയുടെ ഇരകളായവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി സംവരണത്തിന്റെ നീതിയെ യുക്തിപൂര്‍വം ഭരണഘടനയില്‍ എഴുതി ചേര്‍ക്കാന്‍ അംബേദ്കര്‍ക്ക് കഴിഞ്ഞത്. അതോടൊപ്പം ഇന്ത്യയിലെ ബഹുസ്വരതയില്‍ ഏതൊക്കെ തലത്തിലാണ് മതത്തിന്റെ സ്വാധീനങ്ങള്‍ നിലനില്‍ക്കുന്നത് എന്ന് ഭരണഘടനാ നിര്‍മാണ സമിതിയിലെ അംഗങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. മതവിശ്വാസത്തെ ഓരോ വ്യക്തികള്‍ക്കും സ്വതന്ത്രമായി അനുഭവിക്കാനുള്ള അവകാശങ്ങള്‍ ഭരണഘടനയില്‍ എഴുതിവെച്ചിട്ടുണ്ട് . 25 (1) അനുച്ഛേദത്തില്‍ ഇഷ്ടമുള്ള മതത്തില്‍ ജീവിക്കാനുള്ള അവകാശം സ്ത്രീക്കും പുരുഷനും വിഭാവനം ചെയ്യുന്നു. ഇത് ഇന്ത്യയിലെ വിവിധ മതവിശ്വാസികള്‍ക്ക് അവരുടെ വിശ്വാസങ്ങളെ മറ്റൊരാളുടെ ഇടപെടലിന് അതീതമായി അനുഭവിക്കാനുള്ള സ്വാതന്ത്ര്യം നല്‍ക്കുന്നു. ഭരണഘടന ഇങ്ങനെയൊക്കെ ദീര്‍ഘവീക്ഷണത്തോടെയാണ് തയ്യാറാക്കപ്പെട്ടത് എന്ന് നിരന്തരം ബോധ്യപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.

നാനാത്വത്തിലും ബഹുസ്വരതയിലും നിന്നുകൊണ്ട് മാത്രമാണ് രാജ്യത്തെ ഏതൊരു മത സമൂഹത്തിനും മുന്നോട്ടു ചലിക്കാന്‍ കഴിയുക എന്ന തിരിച്ചറിവ് ചെറിയ കാര്യമല്ല. എന്നിട്ടും മതം രാഷ്ട്രീയാധികാരത്തില്‍ ഇടപെടുക വഴി ഭൂരിപക്ഷ മതത്തിലെ തീവ്രവിഭാഗം ന്യൂനപക്ഷ മതങ്ങളോട് സ്വീകരിക്കുന്ന നിലപാടുകള്‍ പലപ്പോഴും രാജ്യത്തെ സാധാരണ ജീവിതത്തിന് ഭീഷണിയായി മാറുന്നു. ഇതേ രീതി ന്യൂനപക്ഷ മതത്തിലെ മതവിരുദ്ധരും കാണിക്കുന്നു. ഇത് വര്‍ഗീയ വര്‍ഗീകരണത്തിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നേരത്തേ മനസ്സിലാക്കിയതുകൊണ്ടാണ് ഭരണഘടനയില്‍ വ്യക്തികള്‍ക്ക് മതം മാറാനുള്ള അവകാശം പോലും നിയമംമൂലം സംരക്ഷിച്ചു നിര്‍ത്തിയത്. ഇത്രമാത്രം ശക്തമാണ് നമ്മുടെ ഭരണഘടന.

എന്നാല്‍, ഭരണഘടന നല്ലതായതു കൊണ്ട് കാര്യമില്ല. അതിനെ നിയന്ത്രിക്കുന്നവരുടെ മാനോഗതി പ്രധാനമാണ് എന്ന നിരീക്ഷണം ഏറെ പ്രസക്തമാണ്. 1975ലെ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തന്നെ ഇതിന് ഏറ്റവും നല്ല ദൃഷ്ടാന്തം. അതിന് ശേഷം ഭരണഘടനയിലെ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്ന രണ്ട് വാചകങ്ങള്‍ എടുത്തു മാറ്റാനുള്ള വര്‍ത്തമാനം തുടങ്ങിയിട്ട് കാലം കുറെയായി.

എന്നാല്‍, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റാന്‍ കഴിയില്ല എന്ന് കേശവാനന്ദ ഭാരതി കേസിന്റെ വെളിച്ചത്തില്‍ വ്യക്തമാക്കപ്പെട്ടതാണ്. ആ കേസില്‍ വാദം നടത്തിയ പല്‍ക്കിവാല കോടതിയോട് പറഞ്ഞത് ‘നിങ്ങള്‍ എത്ര ഉയരത്തിലെത്തുന്നുവോ അതിനേക്കാളും ഉയരത്തിലായിരിക്കും രാജ്യത്തെ ഭരണഘടനയും നിയമ വ്യവസ്ഥയും എന്നാണ്’. ഇത്രയും ശക്തമായ ഭരണഘടന ഉണ്ടായിട്ടും എന്തുകൊണ്ട് രാജ്യത്തെ 40 ശതമാനത്തോളം ജനങ്ങള്‍ക്ക് തുല്യ നീതിയും തുല്യ ജീവിതാവസ്ഥകളും നിഷേധിക്കപ്പെടുന്നു എന്നത് ഇപ്പോഴും പ്രധാന ചോദ്യമാണ്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണ് ഭരണഘടന ആമുഖമായി പറയുന്നത്. എന്നിട്ടും സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും ജാതി ചുഴിയില്‍ പെട്ടവര്‍ ഇപ്പോഴും അപരവത്കരണത്തിനും ദാരിദ്ര്യത്തിനും ഇരകളാകുന്നു? അവര്‍ ഏറ്റുവാങ്ങുന്ന കൊടും പീഡനങ്ങള്‍ 2019ലും എന്തുകൊണ്ട് തുടരുന്നു? രാജ്യത്തെ ദളിത് ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും എന്തുകൊണ്ട് കൊല ചെയ്യപ്പെടുന്നു. ഭരണഘടനയുടെ 21-ാത് അനുച്ഛേദം പൗരാവകാശങ്ങളുടെ സംരക്ഷണത്തെയാണ് പ്രതിപാദിക്കുന്നത്. അത് നടപ്പാക്കാനുള്ള അവകാശം ഭരണകൂടത്തിന്റെതാണ്.

എന്നിട്ട് എന്തുകൊണ്ട് ഭരണകൂട പിന്തുണയോടെ ഇരവേട്ട നടക്കുന്നു? അതിന്റെ കാരണം ന്യൂനപക്ഷ വിരോധവും ജാതിവിവേചനവുമാണ് എന്നതാണ് പ്രത്യക്ഷത്തിലുള്ള വിലയിരുത്തല്‍. എന്നാല്‍, നിലവിലെ ഭരണകൂടത്തെ അത്തരം തീരുമാനത്തിലെത്തിക്കുന്നതിന് പിന്നില്‍ ശക്തമായ പ്രത്യയശാസ്ത്ര പിന്തുണയുണ്ട്. അത് ഭരണഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷ തത്വത്തിന് വിരുദ്ധമാണ്. ഇതാകട്ടെ ഭരണകൂടം തന്നെ ഭരണഘടനാ മൂല്യങ്ങളെ തിരസ്‌കരിക്കുന്നതിന്റെ തെളിവായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത് ആദ്യം തിരിച്ചറിയുന്നത് രാജ്യത്തെ അടിസ്ഥാന വര്‍ഗമാണ്. അതിനെതിരെയുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് രാജ്യത്ത് ശക്തി പ്രാപിച്ചുക്കൊണ്ടിരിക്കുകയാണ്.

മോദിയുടെ ഭരണകാലത്ത് രാജ്യത്ത് നടന്നത് തീവ്ര ഹിന്ദുത്വവത്കരണമാണ്. ഹൈന്ദവ ദേശീയതാവാദം ശക്തമായി. ബി ജെ പിയിലെ പല നേതാക്കളും ജനപ്രതിനിധികളും ഈ ഭരണകാലത്ത് ഉന്നയിച്ചത് മതന്യൂനപക്ഷ വിരുദ്ധ നിലപാടുകളായിരുന്നു. പാക്കിസ്ഥാനിലേക്ക് ചൂണ്ടിയുള്ള അവഹേളനം മഹത്തായ ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഹേളനമാണ്.

അതിലുപരിയാണ് സാമ്പത്തിക സംവരണ വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട്. സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ല എന്നറിഞ്ഞിട്ടും പാര്‍ലിമെന്ററി അധികാരത്തില്‍ ആര്‍ത്തിപൂണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു. സാമൂഹിക സംവരണത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അനുഭവിച്ച വിവേചനത്തില്‍ നിന്നുള്ള മോചനമായിരുന്നു. ഇതിന്റെ ആവശ്യകത സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ബോധ്യപ്പെട്ടതാണ്. 1932ലെ കമ്യൂണല്‍ അവാര്‍ഡ് അതിന്റെ എക്കാലത്തെയും ദൃഷ്ടന്തമാണ്. എന്നിട്ടും സ്വാതന്ത്ര്യാനന്തര ഭരണ കൂടങ്ങള്‍ക്ക് ഒന്നും സംവരണത്തിലൂടെ സാമൂഹിക നീതി ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. അതില്‍ ഒന്നാം പ്രതി 51 വര്‍ഷത്തോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ് തന്നെ.

ഭരണഘടന വിഭാവനം ചെയ്യുന്ന അധികാര അവകാശങ്ങള്‍ക്ക് ഭരണകൂടങ്ങള്‍ അതിര്‍ത്തികള്‍ നിശ്ചയിച്ചിട്ടുള്ളത് വിവേചനപരമായിട്ടാണ്. വിഭവങ്ങളുടെ കേന്ദ്രീകരണവും സമ്പത്തിന്റെ കേന്ദ്രീകരണവും 15 ശതമാനത്തില്‍ സ്വാംശീകരിക്കപ്പെട്ടത് തെറ്റായ ഭരണകൂട രീതികള്‍ക്കൊണ്ടാണ്. വിഭവങ്ങള്‍ വികേന്ദ്രീകരിച്ചുകൊണ്ട് മുഴുവന്‍ ജനങ്ങള്‍ക്കും മികച്ച ജീവിത സാഹചര്യം ഒരുക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാതെ പോകുന്നു. ഇത് ഭരണഘടനയുടെ വൈകല്യങ്ങള്‍ക്കൊണ്ടല്ല. മറിച്ച്, ഭരണം നയിക്കുന്നവരുടെ തെറ്റായ കാഴ്ചപ്പാടുക്കൊണ്ടാണ്.

ഇതിനെതിരെ രാജ്യം മുഴുവന്‍ ഉയര്‍ന്നുവരുന്ന മുന്നേറ്റങ്ങള്‍ രാഷ്ട്രീയ തിരിച്ചറിവിന്റെ ഭാഗം കൂടിയായി കാണണം. രാജ്യത്തെ ദളിത് മുന്നേറ്റങ്ങളും കര്‍ഷകസമരങ്ങളും ഭരണകൂടങ്ങളുടെ ഉറക്കം കെടുത്താന്‍ മാത്രം ശക്തമാണ്. എന്നാല്‍ പലപ്പോഴും ഇത് ഭരണവിരുദ്ധ നിലപാടായി മാറി എതിര്‍ പാര്‍ട്ടികള്‍ക്ക് അധികാരത്തിലേക്കുള്ള വഴി തുറക്കുന്നു. അങ്ങനെ അധികാരത്തില്‍ എത്തിയാല്‍ പലപ്പോഴും ജനങ്ങളുടെ ആവശ്യങ്ങള്‍ മറന്നു പോവുകയാണ് പതിവ്. കഴിഞ്ഞ മാസം നടന്ന മധ്യപ്രദേശ്, ഛത്തിസഗഢ്, സംസ്ഥാനത്തെ കോണ്‍ഗ്രസ് വിജയം അടിസ്ഥാന വര്‍ഗത്തിന്റെ തിരിച്ചറിവ് ആണ്. അതിന്റെ പ്രതിഫലം നല്‍കാന്‍ ഭരണകൂടം നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയം കൂടിയാണ്. യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താനുള്ള അവകാശം ഭരണഘടനാപരമായി പൗരന്മാരില്‍ നിക്ഷിപ്തമാണ്. ഇതിനെ സംരക്ഷിച്ച് നിര്‍ത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ് എന്നു തോന്നുക സ്വാഭാവികമാണ്. അതിലുപരി ഓരോ ഇന്ത്യന്‍ പൗരന്റെയും ജാഗ്രതാ പൂര്‍ണമായ ശ്രദ്ധയാണ് ഭരണഘടനയെ അതിന്റെ ശക്തിയില്‍ നിലനിര്‍ത്തുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ത്യന്‍ ജനത അത് അന്നത്തെ ഏകാധിപത്യ ഭരണകൂടത്തിന് കാണിച്ചു കൊടുത്തു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഭരണഘടനാ തത്വങ്ങള്‍ അതിന്റെ വിശാലമായ രാഷ്ട്രീയാര്‍ഥത്തില്‍ നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത ഇന്ത്യന്‍ ജനത കാണിച്ചു കൊടുക്കുക തന്നെ ചെയ്യും.

ഇ കെ ദിനേശന്‍