കേരള പുനര്‍നിര്‍മാണത്തിന് സങ്കുചിത രാഷ്ട്രീയചിന്തകള്‍ തടസമാവരുത് -ഗവര്‍ണര്‍

Posted on: January 26, 2019 11:21 am | Last updated: January 26, 2019 at 7:21 pm

തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണത്തിന് സങ്കുചിത രാഷ്ട്രീയചിന്തകള്‍ തടസ്സമാവരുതെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു.
കേരളത്തിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണം അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്, ഇക്കാര്യത്തില്‍ രാഷ്ട്രീയം കലരാതെ ശ്രദ്ധിക്കണം. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കി അത് സുതാര്യമായി മുന്നോട്ട് പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. റിപബ്ലിക് ദിന പരേഡില്‍
പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ 8.30 ഓടെ ഗവര്‍ണര്‍ പതാക ഉയര്‍ത്തി. വികസന നയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേരള വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനേയും റിപബ്ലിക് ദിന പരേഡിലെ പ്രസംഗത്തില്‍ ഗവര്‍ണര്‍ അഭിനന്ദിച്ചു.

പ്രധാനമന്ത്രിക്ക് കീഴില്‍ രാജ്യം സാമ്പത്തികമായി പുരോഗമിച്ചുവെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് പിണറായി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.  പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെയും ഗവര്‍ണര്‍ പ്രശംസിച്ചു. വിവിധ സേനാവിഭാഗങ്ങള്‍ നടത്തിയ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും അഭിവാദ്യം സ്വീകരിച്ചു.